ഉപസംഹാരം
തുള്ളൽ പ്രസ്ഥാനത്തിനു, മുമ്പുണ്ടായിരുന്നത്ര പ്രചാരം ഇന്നില്ലെന്നുള്ളതു വാസ്തവം തന്നെ. അതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നു്, നമ്പ്യാരുടെ കാലശേഷം, അദ്ദേഹത്തിൻ്റെ കൃതികളോടൊപ്പമെത്തുന്ന ഒരു തുള്ളൽക്കഥ നിർമ്മിക്കുവാൻ ശക്തനായ ഒരു കവി കേരളക്കരയിൽ ഉണ്ടായിട്ടില്ലെന്നുള്ളതാണു്. നിരങ്കുശനായ കവി തൻ്റെ കൃതികളിൽ വേണ്ടതിലധികം ദേശീയത്വം കലർത്തിയിട്ടുള്ളതുമൂലം, ദേശകാലസ്ഥിതികൾ പരിവർത്തനം ചെയ്യപ്പെട്ടതോടുകൂടി, ആ കൃതികളോട് ഒരു അനാസ്ഥ ജനിച്ചുതുടങ്ങിയതും ഒരു കാരണമായിരിക്കാം. ഇങ്ങനെ തുള്ളലിൻ്റെ കലാപരമായ വശത്തിനു പ്രാധാന്യം കുറഞ്ഞുവരുന്നുണ്ടങ്കിലും അതിൻ്റെ സാഹിത്യപരമായ ഭാഗം അന്നത്തെപ്പോലെതന്നെ ഇന്നും മിന്നിത്തിളങ്ങിക്കൊണ്ടത്രെ ഇരിക്കുന്നതു്. ഇങ്ങനെ സൂക്ഷ്മവീക്ഷണം ചെയ്യുന്നതായാൽ തുള്ളൽ കൃതികൾക്കും, അവയുടെ പ്രണേതാവായ കുഞ്ചൻനമ്പ്യാർക്കും മലയാളഭാഷാസാഹിത്യത്തിൽ അഭികാമ്യമായ ഒരു സ്ഥാനമുണ്ടെന്നു കാണാം. ഭാഷാസൗധത്തിൻ്റെ സ്തംഭങ്ങൾ നാലുമാണല്ലോ, തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും ഉണ്ണായിയും. ഇവർ ഓരോവിധത്തിൽ പ്രസിദ്ധന്മാരും അനശ്വരനാമാക്കളുമായിത്തീർന്നിട്ടുണ്ട്. എന്നാൽ ഇവരിൽ സാമാന്യജനങ്ങളെ രസിപ്പിക്കുന്ന കൃതികൾ രചിച്ചിട്ടുള്ള ആൾ നമ്പ്യാരാണു്. ആ വിഷയത്തിൽ പ്രത്യേകിച്ചും, നമ്പ്യാരുടെ നാമം അനശ്വരമായിരിക്കും. സ്വപ്രയത്നംകൊണ്ടുയർന്നു ലോകത്തിൻ്റെ സമാദരവിനു് ഇത്രത്തോളം അർഹന്മാരായിത്തീ ന്നിട്ടുള്ളവർ അംഗുലീപരിമിതമത്രേ. ഏവംവിധം ഏതു കൊണ്ടുനോക്കിയാലും മലയാളമഹാകവികളിൽ അത്യുന്നതമായ ഒരു സ്ഥാനംതന്നെയാണു് . നമ്പ്യാർക്കുള്ളതെന്നു കാണാം.
