ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

സ്മര്യപുരുഷനായ ഈ മഹാൻ അമ്പലപ്പുഴ താമസിച്ചുകൊണ്ടിരുന്ന കാലത്തു പേപ്പട്ടിവിഷമേററു കൊല്ല വർഷം 945-ാമാണ്ടിടയ്ക്കും തൻ്റെ 65-ാമത്തെ വയസ്സിൽ കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തുവെന്നാണു പറയപ്പെടുന്നതു്. രസികശിരോമണിയായിരുന്ന നമ്പ്യാരുടെ ഭൗതികശരീരം ഇങ്ങനെ ലൗകിക ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും അദ്ദേഹത്തിൻ്റെ യശശ്ചന്ദ്രൻ കേരളീയ സാഹിത്യാന്തരീക്ഷത്തിൽ ഇന്നും വെണ്ണിലാവുപൊഴിച്ചു കൊണ്ടുതന്നെ വിലസുന്നു. മലയാളഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം ഈ പുണ്യശ്ലോകൻ്റെ യശോധാമം അക്ഷയഭാസ്സോടുകൂടി പ്രോജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യും.