ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

16-ാം നൂററാണ്ടു മുതൽ പോർട്ടുഗീസുകാർ, ഡച്ചുകാർ തുടങ്ങിയ പാശ്ചാത്യർ കേരളത്തിൽ പ്രവേശിച്ചുതുടങ്ങി. വാണിജ്യ വ്യവസായങ്ങൾക്കു മാത്രമായിട്ടാണു് അവരിവിടെ വന്നതു്. എങ്കിലും അചിരേണ രാജ്യകാര്യങ്ങളിലും മത പ്രചാരണത്തിലും അവർ പ്രവേശിച്ചു തുടങ്ങി. മത പ്രചാരണത്തെ പ്രധാന ലക്ഷ്യമാക്കി ചില വിദ്യാലയങ്ങളും, പുതിയ ഒരു വിദ്യാഭ്യാസ സമ്പ്രദായം തന്നെയും, അവരിവിടെ ഏർപ്പെടുത്തുകയും ചെയ്തു. സംസ്കൃതം, മലയാളം എന്നീ ഭാഷകൾക്കുപുറമെ പോർത്തുഗീസ്, ലത്തീൻ മുതലായ ഭാഷകൾകൂടി ആ വിദ്യാലയങ്ങളിൽ അവർ പഠിപ്പിക്കുവാൻ തുടങ്ങി. തൽഫലമായി മേല്പറഞ്ഞ കൃതികളിൽനിന്നു വിഭിന്നമായ ഒരു നൂതനഗദ്യരീതി ഇവിടെ ആവിർഭവിച്ചു. ‘ഉദയംപേരൂർസുനഹദോസിലെ നിശ്ചയങ്ങ’ളുടെ വിവർത്തനം, ‘വർത്തമാനപ്പുസ്തകം തുടങ്ങിയ കൃതികൾ പ്രസ്തുത വിദ്യാഭ്യാസത്തിൻ്റെ പരിണതഫലമായി ജന്മമെടുത്തിട്ടുള്ളവയാണെന്നു പറയാം. ലാളിത്യം, വൈശദ്യം മുതലായ ഗുണങ്ങൾ ഇവയിലെ ഗദ്യത്തിൽ വേണ്ടത്ര കളിയാടുന്നുണ്ടു്. എന്നുവരികിലും മിഷ്യനറിമാർ അന്നു പ്രചരിപ്പിച്ച ഈ ഗദ്യരീതിയും, പിൽക്കാലത്തു വളരുകയോ കേരളീയർക്ക് അനുകരണ യോഗ്യമായിത്തീരുകയോ ചെയ്തില്ല.

19-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധം മുതൽ ആംഗ്ലേയ വിദ്യാഭ്യാസം കേരളത്തിൽ പ്രചരിക്കുവാൻ തുടങ്ങി. അതോടുകൂടി ആകർഷകമായ ഒരു ഗദ്യരീതിയും ചില ഗദ്യകൃതികളും ഭാഷയിൽ ആവിർഭവിക്കുകയായി. ഗീവർഗീസുകത്തനാർ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങി അക്കാലത്ത് ആംഗല ഭാഷാഭിജ്ഞന്മാരായിത്തീർന്ന ഏതാനും കേരളഭാഷാപ്രണയികളാണ് ഈ അഭിനവ ഗദ്യരീതിയുടെ അവതാരകന്മാരായി ത്തീർന്നതു്. സ്വകൃതികളിൽക്കൂടി അവർ അന്നാവിഷ്ക്കരിച്ച ഗദ്യരീതി ക്രമേണ വിവിധങ്ങളായ വികാസപരിണാമങ്ങളെ പ്രാപിച്ചുണ്ടായിട്ടുള്ളതാണു് ഇന്നത്തെ മലയാള ഗദ്യശൈലി.