ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

കൊല്ലവർഷം 1040-ാ മാണ്ടു മുതൽ തിരുവിതാംകൂറിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ ഏർപ്പെടുത്തിവന്നു. അന്നു് അതിലേക്കു പാഠപുസ്തകങ്ങൾ നിശ്ചയിക്കുന്ന കമ്മററിയുടെ അദ്ധ്യക്ഷനായിരുന്നു, കേരളവർമ്മ വലിയകോയിത്തമ്പുരാൻ. വ്യക്തിപ്രഭാവവും വൈദുഷ്യപ്രഭാവവും കലർന്നു കേരളസാഹിത്യ ചക്രവർത്തി എന്ന പദവിയിലേക്കുയർന്ന ആ മഹാപുരുഷൻ്റെ ഭാഷാപോഷണ പരിശ്രമം തിരുവിതാംകൂറിൽ മാത്രമല്ല, കേരളമൊട്ടുക്കും ഒരു നവോത്ഥാനത്തിനു നിദാനമായിത്തീർന്നു. പ്രബന്ധങ്ങൾ, നോവലുകൾ, ലഘുജീവചരിത്രങ്ങൾ എന്നീ പ്രസ്ഥാന വിശേഷങ്ങളിൽക്കൂടിയത്രെ ഭാഷാസാഹിത്യത്തിലെ ആ നവീന ഗദ്യോദയം ജന്മമെടുത്തത്. പ്രസ്തുത സാഹിത്യ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന വിഷയത്തിൽ വലിയകോയിത്തമ്പുരാൻ മുന്നിട്ടുനിന്നു പ്രവർത്തിക്കുകയും മറ്റുള്ളവരെക്കൊണ്ടു പ്രവർത്തിപ്പിക്കുകയും ചെയ്തുപോന്നു. അൿബർ, മഹച്ചരിതസംഗ്രഹം, വിജ്ഞാനമഞ്ജരി, മാർത്താണ്ഡവർമ്മ മുതലായ കൃതികൾ അക്കാലത്തു കേരളത്തിൻ്റെ ദക്ഷിണഭാഗത്തുനിന്നു പുറപ്പെട്ടുപെങ്കിൽ, നെടുങ്ങാടിയുടെ കുന്ദലത, ചന്തുമേനോൻ്റെ ഇന്ദുലേഖ, ശാരദ, നായനാരുടെ ‘കേസരി.’ സി. എ. അച്യുതമേനോൻ്റെ അനേകം പ്രബന്ധങ്ങൾ മുതലായവ ഉത്തര കേരളത്തിൽനിന്നും ആവിർപ്പിച്ചു. ഇങ്ങന അംഗ്ലേയ സാഹിത്യപരിചയംവഴിക്ക് ഉദ്ബുദ്ധരായിത്തീർന്ന ഈ ഭാഷാപ്രണയികളുടെ പരിശ്രമം, തികച്ചും അഭിനവവും അനുകരണീയവുമായ ഒരു കൈരളീഗദ്യപ്രസ്ഥാനം ഇവിടെ ഉടലെടുക്കുന്നതിന് സർവ്വഥാ സഹായകമായും തീർന്നു. ‘സാഹിത്യസാഹ്യം’ തുടങ്ങിയ കൃതികളുടെ ഉത്ഭവത്തോടുകൂടി ഗദ്യത്തിൻ്റെ സുഗമമായ സഞ്ചാരത്തിനു പറ്റിയ രാജപാത തെളിഞ്ഞുവരികയും ചെയ്തു.

വിദ്യാലയങ്ങളോടൊപ്പം സ്ഥാപിതമായ മുദ്രണാലയങ്ങളും അവയിൽനിന്നു പുറപ്പെട്ടുതുടങ്ങിയ പത്രമാസികകളും വഴിക്കാണു് ആധുനിക ഇദ്യസാഹിത്യം ഇവിടെ ദ്രുതഗതിയിൽ വികസിക്കുകയും പുരോഗമിക്കുകയും ചെയ്തതെന്ന വസ്തുത അനിഷേധ്യമാകുന്നു. അക്കാലംവരെ പരസ്പരം അറിയുകയോ അടുക്കുകയോ ചെയ്യാതെ വേർപിരിഞ്ഞു നിന്നിരുന്ന കേരളത്തിലെ ജനവിഭാഗങ്ങളേയും സ്ഥലവിഭാഗങ്ങളേയും കൂട്ടിയിണക്കിയതും, ഭാഷാപ്രയോഗരീതിയിൽ ഉണ്ടായിരുന്ന വൈവിദ്ധ്യം കഴിയുന്നത്ര ഇല്ലാതാക്കി ഇന്നത്തെ മട്ടിലെങ്കിലും ഒരു ഐകരൂപ്യം ഉണ്ടാക്കിത്തീർത്തതും ഈവക പ്രസിദ്ധീകരണങ്ങളത്രെ. കേരളീയരിൽ അഖണ്ഡ കേരളം തുടങ്ങിയ വിശാലാശയങ്ങൾക്കു ബീജാവാപം ചെയ്തതും വേറൊന്നല്ല, ഉപന്യാസം, നോവൽ, ചെറുകഥ, യാത്രാവിവരണം, ആത്മകഥ, തൂലികാചിത്രം, ജീവചരിത്രം, ഗദ്യനാടകം, ഏകാങ്കം, നിരൂപണം എന്നു തുടങ്ങി ഭാഷാ സാഹിത്യത്തിൻ്റെ ബഹുമുഖമായ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നിട്ടുള്ള പ്രസ്ഥാനവിശേഷങ്ങളെല്ലാംതന്നെ മുളയെടുത്തിട്ടുള്ളതും ഈവക പ്രസിദ്ധീകരണങ്ങൾ വഴിക്കാണു്.