ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

ഭാഷാസാഹിത്യത്തിൽ വ്യാകരണാദി ശാസ്ത്രീയ ഗ്രന്ഥങ്ങൾക്കുണ്ടായിട്ടുള്ള അഭിവൃദ്ധിയും ചില്ലറയല്ല. പാശ്ചാത്യ മിഷ്യനറിമാർ ആ വിഷയത്തിൽ ആദ്യകാലം മുതല്ക്കേ മുൻകൈയെടുത്തു പ്രവർത്തിച്ചുപോന്നു. ത്യാഗസുരഭിലമായ അവരുടെ സേവനത്തിനു നാം എന്നെന്നും അവരോട് നന്ദിപറയുക! ആഞ്ചലോ ഫ്രാൻസിസ്, ഡ്രമണ്ട്, ബെയ്‌ലി, ഗുണ്ടർട്ട്, ഗാർത്തു വൈററ്, കാൾഡ്വെൽ, കോളിൻസ് മുതലായ മഹാന്മാരുടെ പരിശ്രമത്തിൻ്റെ ശീതളച്ഛായയിൽ നിന്നുകൊണ്ടാണ് അനന്തരഗാമികൾ കേരളപാണിനീയം, ശബ്ദതാരാവലി തുടങ്ങിയ ഉത്കൃഷ്ട ഗ്രന്ഥങ്ങൾ നിർമ്മിച്ചതെന്ന യാഥാർത്ഥ്യം ഇന്ന് ആരാണു് വിസമ്മതിക്കുക? ഉത്തമമായ ഒരു ‘ലക്സിക്കൺ’ നിർമ്മിക്കുന്നതിനുവേണ്ടിയുള്ള മഹോദ്യമം ഇന്നു നടന്നുകൊണ്ടിരിക്കയാണല്ലോ. അചിരേണ അതു’ ‘പ്രത്യക്ഷരൂപം’ കൈക്കൊള്ളുമെന്നു നമുക്കു വിശ്വസിക്കാം.

നാടകം, നോവൽ, ചെറുകഥ മുതലായ സാഹിത്യ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും വിശുദ്ധിക്കും കുറെയൊക്കെ പ്രയോജനപ്രദങ്ങളായ ചില സാഹിത്യ ശാസ്ത്ര ഗ്രന്ഥങ്ങളും ഇതിനകം നമുക്കു ലഭിച്ചുകഴിഞ്ഞി ട്ടുണ്ട്. അത്തരം ആധികാരിക ഗ്രന്ഥങ്ങൾ ഇനിയും ഉണ്ടാകാവുന്ന പരിതസ്ഥിതികൾ ഇപ്പോൾ കണ്ടുവരുന്നുമുണ്ട്. ഇവയ്ക്കു പുറമെ, ലോകചരിത്രം, ദേശചരിത്രം, ആധുനിക ശാസ്ത്രത്തിൻ്റെ കണ്ടുപിടുത്തങ്ങൾ എന്നു തുടങ്ങിയവയെപ്പററി പ്രതിപാദിക്കുന്ന പലതരം ഗ്രന്ഥങ്ങൾ അവതരിച്ചുകൊണ്ടുമിരിക്കുന്നു. ആ അംശത്തിലും നമ്മുടെ ഭാഷ മേൽക്കുമേൽ സമ്പന്നമായി വരികയാണു്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും അതുപോലെ തന്നെ; ഉപനിഷത്തുകൾ, ഭഗവദ്‌ഗീത തുടങ്ങിയ ആർഷജ്ഞാനപ്രകാശകങ്ങളായ ഗ്രന്ഥങ്ങൾക്ക് നല്ല നല്ല വ്യാഖ്യാനങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുമുണ്ട്. അവയോടൊപ്പം, മംഗലപ്പുഴ സെമിനാരി, മാന്നാനം, മഞ്ഞുമ്മൽ, കോട്ടയം സി. എം. എസ്. തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നു ക്രൈസ്തവാദർശങ്ങളെ പ്രകാശിപ്പിക്കുന്നവയായ അനവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടുമിരിക്കുന്നു.