ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

ചെറുകഥ തുടങ്ങിയ ഗദ്യ പ്രസ്ഥാനങ്ങളിൽ ചിലതിനു വിശ്വസാഹിത്യത്തോടു മത്സരിക്കത്തക്ക ഒരു നിലതന്നെ നമുക്കിന്നു കൈവന്നിട്ടുണ്ടു്. പ്രയത്നശീലരും പ്രതിഭാശാലികളുമായ അനേകം കഥാകൃത്തുക്കൾ ആ ശാഖയിൽ വിജയപൂർവം പ്രവത്തിച്ചുകൊണ്ടുമിരിക്കുന്നു. അതുപോലെതന്നെ, ലബ്ധപ്രതിഷ്ഠന്മാരും ഉത്തിഷ്ഠമാനന്മാരുമായ അനേകം എഴുത്തുകാർ പ്രസ്ഥാനാന്തരങ്ങളിലും ഇന്നു പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ നമ്മുടെ ജ്ഞാനവിജ്ഞാനശാഖകൾ സർവ്വതോമുഖമായി വികസിച്ചു കൊണ്ടിരിക്കുകയാണു്. ഈ പരിതഃസ്ഥിതികളിൽ കൈരളിയുടെ ഈടു വെപ്പിലേക്ക് കടന്നു നോക്കുമ്പൊഴും, അതിൻ്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പൊഴും, ഭാഷാഭിമാനികൾക്കു ചാരിതാർത്ഥ്യത്തിനേ അവകാശമുള്ളു.

ഇനിയും പൊട്ടിപ്പുറപ്പെടേണ്ടതായും പുഷ്ടിപ്പെടേണ്ടതായും പല സാഹിത്യ ശാഖകളുമുണ്ടെന്നുള്ളത് ഈയവസരത്തിൽ വിസ്മരിക്കുന്നില്ല. ഗദ്യനാടകം, നിരൂപണസാഹിത്യം, സഞ്ചാരസാഹിത്യം. ജീവചരിത്രം, ആത്മകഥ, തൂലികാചിത്രം, ബാലസാഹിത്യം തുടങ്ങിയ പ്രസ്ഥാനങ്ങൾ വളർച്ച പ്രാപിച്ചുവരുന്നതേയുള്ളു. ആധുനിക ശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ ഉടലെടക്കേണ്ട പല കലാസൃഷ്ടികളും നമുക്കുണ്ടാകേണ്ടതുമുണ്ടു്. ജീവിതത്തിൻ്റെ ഏതു മണ്ഡലത്തിലും മനുഷ്യനെ മനുഷ്യനായി കാണുകയും, അത്തരം പരസ്പര ധാരണകളോടും പരസ്പര സഹകരണത്തോടും കൂടി ജീവിക്കുവാൻ പ്രചോദനമരുളുകയും ചെയ്യുന്ന ഉത്തമകൃതികൾ സുലഭമായിത്തീരേണ്ടതും എത്രയും ആവശ്യമാണു്. എന്നാൽ ഈദൃശ കാര്യങ്ങളിലും പ്രത്യാശയ്ക്കല്ലാതെ ആശാഭംഗത്തിനു് തെല്ലും അവകാശം കാണുന്നില്ല. പരിണതപ്രജ്ഞരും കർമ്മനിരതരുമായ കലാകാരന്മാർ അംഗുലീപരിമിതരെങ്കിലും നമുക്കഭിമാനിക്കത്തക്കവരായി ഇന്നും ചിലരില്ലാതില്ല.