ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

കലയുടെ ധാർമ്മിക മൂല്യത്തെ വെല്ലുവിളിക്കുന്നതോ, മനുഷ്യൻ്റെ മാനസികാരോഗ്യത്തെ തച്ചുടയ്ക്കുന്നതോ, സാമൂഹ്യ ജീവിതത്തിൻ്റെ ധാർമ്മിക ലാവണ്യത്തെ താറുമാറാക്കുന്നതോ ആയ ദുഷ്കൃതികൾ ആധുനിക കാലത്തു വളരെയധികം വർദ്ധിച്ചുവശായിരിക്കുന്നു എന്നുള്ള ആക്ഷേപം പലപ്പോഴും പലേടത്തുനിന്നും കേൾക്കാറുണ്ടു്. ആ ആക്ഷേപം, അല്ലെങ്കിൽ ആ ആവലാതി, തീരെ അവഗണനീയമല്ല. മനുഷ്യൻ ഒരു സാമൂഹ്യ ജിവിയായിരിക്കുന്നിടത്തോളം കാലം (മേലിലും അങ്ങനെതന്നെ ആയിരിക്കുവാനേ ഇടയുള്ള എന്നു തോന്നുന്നു) സാമൂഹ്യ ജീവിതത്തിൻ്റെ ഭദ്രതയ്ക്കും സുസ്ഥിതിക്കും സഹായകമായിത്തീരാവുന്ന സൽഭാവങ്ങളെത്തന്നെയാണു ഉത്തമ കലാകാരന്മാർ എന്നും ആവിഷ്ക്കരിക്കേണ്ടതെന്നുള്ളതിൽ സന്ദേഹമില്ല. വിശ്വോത്തരന്മാരായ കലാകാരന്മാരെല്ലാം ഇന്നേവരെ ചെയ്തുപോന്നിട്ടുള്ളതും അങ്ങനെതന്നെയാണ്. ശതാബ്ദങ്ങൾക്കും സഹസ്രാബ്ദങ്ങൾക്കും മുമ്പു മൺമറഞ്ഞവരിൽ പലരും സജീവന്മാരായി ഇന്നും നമ്മുടെ മുമ്പിൽ പരിലസിക്കുന്നതും അതുകൊണ്ടുതന്നെയാണു. എന്നാൽ ഇന്നു നമ്മുടെയിടയിൽ ക്ഷുദ്രസാഹിത്യകാരന്മാരുടേയും ക്ഷുദ്രകൃതികളുടേയും സംഖ്യ വളരെ വർദ്ധിച്ചുവശായിരിക്കുന്നുവെന്നതു് നഗ്നമായ ഒരു പരമാർത്ഥം മാത്രമാണു്. അടുത്തകാലത്ത് ഒരു സരസൻ പറയുകയുണ്ടായി, നമ്മുടെ സാഹിത്യത്തെ മണ്ണുസാഹിത്യം, പെണ്ണുസാഹിത്യം, വിണ്ണുസാഹിത്യം. പുണ്ണുസാഹിത്യം എന്നു നാലായി വിഭജിക്കാമെന്നു്. അതിൽ പുണ്ണുസാഹിത്യമാണു് ഇന്നു കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഈ സ്ഥിതി വിശേഷങ്ങളിലൊന്നിലും തന്നെ ഭയപ്പെടാനോ വ്യസനിക്കാനോ അധികം വകയുണ്ടെന്നു തോന്നുന്നില്ല. വർഷകാലത്തു കൂലംകുത്തിത്തകർത്തുകൊണ്ടുള്ള ജലപ്രവാഹത്തിൽ കലക്കം സംഭവിക്കാതിരിക്കുക സാദ്ധ്യമല്ലല്ലോ. വർഷകാലം നീങ്ങി, ശരൽക്കാലം വന്നുചേരുമ്പോൾ, കലുഷത മാറി സ്ഫടികംപോലെ അതു പ്രകാശിക്കുകയും ചെയ്യും മനുഷ്യൻ്റെ ലൈംഗികാസക്തിക്കും വിദ്വേഷാദി മററു് ഉൽക്കടവികാരങ്ങൾക്കും വളംവെച്ചുകൊടുക്കുന്ന കുഗ്രന്ഥങ്ങൾ എത്രയോ ഇതിനുമുമ്പും സാഹിത്യ ത്തിലുണ്ടായിട്ടുണ്ട്. എന്നാൽ അത്തരം കൃതികളേയും അവയുടെ കർത്താക്കളേയും പറ്റി നാമിന്നറിയുകയോ അന്വേഷിക്കുകയോ ചെയ്യുന്നുണ്ടോ ?