ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

നാമേവരും ഇന്നു ജീവിക്കുന്നത് അഭൂതപൂർവ്വമായ ഒരു പരിവർത്തന ഘട്ടത്തിലാണെന്നുള്ളതുകൂടി ഈയവസരത്തിൽ ഓർമ്മിക്കേണ്ടതുണ്ടു്. സാമൂഹ്യമായും സാമ്പത്തികമായും മറ്റെല്ലാവിധത്തിലും വിപ്ലവാത്മകമായ ഒരു പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതു്. തന്നിമിത്തം വൈകൃതങ്ങൾ കഴിഞ്ഞകാലഘട്ടങ്ങളെ അപേക്ഷിച്ചു പലവിധത്തിലും വർദ്ധിക്കുക സ്വാഭാവികം മാത്രമായിരിക്കം. എന്നാൽ

“കാലമതിൻ്റെ കനത്ത കരംകൊണ്ടു
ലീലയായൊന്നു പിടിച്ചു കുലുക്കിയാൽ
പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-
പാദപപ്പുക്കളാം താരങ്ങൾകൂടിയും”

എന്നുള്ളത് ഒരു സനാതനതത്ത്വമല്ലേ? ആ സ്ഥിതിക്ക് പെരുമഴയിലെ കൂണുകൾപോലെ ഉയർന്നുവരുന്ന ക്ഷുദ്രകൃതികളാകുന്ന ഓലപ്പാമ്പുകളെക്കണ്ടു ഭയപ്പെടുവാനെന്തുള്ളു? കാലംതന്നെ നശിപ്പിക്കേണ്ടവയെ നശിപ്പിക്കുകയും, ജീവിപ്പിക്കേണ്ടവയെ ജീവിപ്പിക്കുകയും ചെയ്തുകൊള്ളും. തന്നെയുമല്ല. ആധുനിക ശാസ്ത്രത്തിൻ്റെ വളർച്ച ഏത് ഓണംകേറാമൂലയിലും പുതിയ ചിന്തകളുടെ വെളിച്ചംവീശിക്കൊണ്ടു മുന്നേറുകയുമാണു്. അത്രതന്നെയുമോ? ഇന്നത്തെ അനുവാചകരിൽ പലരും അറിവിലും അനുഭൂതിയിലും ചിന്തയിലും സംസ്‌കാരത്തിലുമെല്ലാം പല എഴുത്തുകാരേക്കാളും വളർന്നുകഴിഞ്ഞിട്ടുള്ള വരാണെന്നുള്ള യാഥാർത്ഥ്യം കൂടി നാമിഘട്ടത്തിൽ അനുസ്മരിക്കേണ്ടതുമുണ്ട്. ആകയാൽ ആധുനിക ഭാഷാസാഹിത്യത്തിൻ്റെ ഗതിവിഗതികളിൽ ഭീതിക്കോ ആശങ്കയ്ക്കോ ലവലേശം അവകാശമുണ്ടെന്നു തോന്നുന്നില്ല. ജീവനുള്ളതേ ജീവിക്കയുള്ളു; അതു തീർച്ചയായും ജീവിക്കയും ചെയ്യും.