എഴുത്തച്ഛൻ
മഹാഭാരതം: മഹാഭാരതത്തിലാണു് എഴുത്തച്ഛൻ്റെ കാവ്യനർത്തകി ഏറ്റവും ചേതോഹരമായ രീതിയിൽ നൃത്തം ചെയ്യുന്നത്. കവിയുടെ സംഗ്രഹണപാടവം കൂടുതൽ പരിലസിക്കുന്നതും പ്രസ്തുത കൃതിയിൽത്തന്നെ. ഭാരതമഹാർണ്ണവത്തെ മഥനംചെയ്തു സമ്പാദിച്ചിട്ടുള്ള പീയൂഷസാരം തന്നെയാണു് എഴുത്തച്ഛൻ്റെ ഭാരതം കിളിപ്പാട്ടു്, എന്നുള്ള നിരൂപകാഭിപ്രായം വാസ്തവകഥനം മാത്രമാണു്. ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ശ്ലോകങ്ങളുള്ള മൂലകൃതിയെ കാവ്യരസാസ്വാദനത്തിനു തെല്ലും വിലോപം സംഭവിക്കാത്തവിധത്തിൽ ഏതാണ്ട് പതിനായിരത്തിൽപരം ഈരടികൾക്കുള്ളിൽ ഒതുക്കുവാൻകഴിഞ്ഞ ഈ പ്രതിഭാശാലിയുടെ കവികർമ്മമർമ്മജ്ഞതയെ എത്ര ശ്ലാഘിച്ചാലും അധികമാകുന്നതല്ല. ആദിപർവ്വത്തെ പൗലോമം, ആസ്തികം, സംഭവം ഇങ്ങനെ മൂന്നായും, പത്താമത്തെ സൗപ്തികപർവ്വത്തെ, സൗപ്തികം, ഐഷികം എന്നു രണ്ടായും വിഭജിച്ച്, മൂലഗ്രന്ഥത്തിലുള്ള 18 പർവ്വങ്ങളെ, ഭാഷയിൽ 21 പർവ്വങ്ങളായി വർദ്ധിപ്പിച്ചുകൊണ്ടാണു് എഴുത്തച്ഛൻ പ്രതിപാദിക്കുന്നതെങ്കിലും, പ്രതിപാദ്യവസ്തു മൊത്തത്തിൽ ചുരുക്കിയിരിക്കയാണു്. ഭീഷ്മോപദേശം, സനൽ സജാതീയം, ഭഗവൽഗീത മുതലായ ഭാഗങ്ങൾ വിസ്തരഭയത്താലായിരിക്കാം, മുഖ്യങ്ങളെങ്കിലും വിട്ടുകളയേണ്ടിവന്നതു്. അല്ലെങ്കിൽ, താനതിന് അധികാരിയല്ലെന്നുള്ള വിനയമായിരിക്കാം, എഴുത്തച്ഛനെ ആ ഭാഗങ്ങളിൽനിന്നു പിന്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുള്ളതെന്നും വിചാരിക്കേണ്ടിയിരിക്കുന്നു.
ഭാഷയുടെ ലാളിത്യമാധുര്യാദികൾ: കാളിദാസൻ്റെ വൈദർഭീരീതി, കിളിപ്പാട്ടുകൃതികളിൽ ഭാരതത്തിലാണു അതിമനോഹരമായി വിളങ്ങുന്നതു്. രാമായണത്തിൽ കരുണം, വീരം തുടങ്ങിയ ഏതാനും രസങ്ങൾക്കേ കവി പ്രാധാന്യം നല്കുന്നുള്ളൂ. ഭാരതത്തിൽ നവരസങ്ങളിൽ ഓരോന്നും അഹമഹമികയാ തത്തിക്കളിച്ചുകൊണ്ടിരിക്കയാണു്. നവരസം പോലെതന്നെ എഴുത്തച്ഛൻ്റെ കൂടപ്പിറപ്പായ ഭക്തിരസവും അതിൽ ആപാദചൂഡം നടനം ചെയ്തുകൊണ്ടിരിക്കുന്നു. ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ കാണിക്കാം.
