പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

മഥിതമദവാരണം, സുഖിതവരവാരണം
ജനിമൃതിനിവാരണം, ജഗദുദയകാരണം
ചരണനതചാരണം, ചരിതമധുപൂരണം
ദനുജകുലമാരണം, സുരസുഖപരായണം

എന്നു തുടങ്ങുന്ന ശല്യപർവ്വത്തിലെ അനർ​ഗളപദപ്രവാഹം അതിനു് ഉദാഹരണമാണു്.

സ്ത്രീപർവ്വത്തിലെ ഗാന്ധാരിയുടെ വിലാപം കരുണരസത്തിനു മകുടോദാഹരണമായി വർത്തിക്കുന്നു.

വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവശിവ!

എന്നു തുടങ്ങുന്ന അതിലെ വിലാപം പോലെ, ഓരോ പടവുയർന്നുയർന്നു കരുണരസം കരകവിഞ്ഞൊഴുകുന്ന ഒരു വർണ്ണനം മലയാളത്തിലെ ഒരു കാവ്യത്തിൽനിന്നും എടുത്തുകാണിക്കുവാനില്ല. ഖാണ്ഡവദാഹത്തിലെ ശാർങ്ങരവപ്പക്ഷിയുടെ വർണ്ണന ഹൃദയഹാരിയത്രെ.

ശൃംഗാരം എഴുത്തച്ഛനു പറ്റിയതല്ലെന്നു തോന്നാം. എന്നാൽ പ്രസ്തുതരസം വർണ്ണിക്കുന്നതിലും അദ്ദേഹം അതീവനിപുണൻതന്നെ. ഋതുസ്നാനാനന്തരം പ്രത്യക്ഷപ്പെടുന്ന കാമുകാർത്ഥിനിയായ ശർമ്മിഷ്ഠയെ കവി ചിത്രീകരിക്കുന്ന ഭാഗം അതിനും ഉത്തമദൃഷ്ടാന്തമാണു്. പരിഹാസത്തിലും കവിയുടെ കരവിരുതു് ഭാരതത്തിൽ തെളിഞ്ഞുകാണാം. സത്യവതിയെ പരാശരൻ പ്രാപിക്കുമ്പോൾ കവിയുടെ ഹാസം വാങ്‌മയമായിത്തീരുന്നതു നോക്കുക:

എന്തിനു പറയുന്നു വെറുതേ പലവിധം!
ബന്ധമോക്ഷങ്ങളുടെ ബന്ധം കണ്ടൊരു മുനി
നല്ലൊരു തീർത്ഥഭൂമിയാകിയ യമുനയിൽ
എല്ലാരും കുളിച്ചൂത്തു സന്ധ്യയെ വന്ദിക്കുമ്പോൾ
മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ
മത്സ്യകേതനശരമേറ്റു പുല്കിനാൻ മുനി.

മർമ്മച്ഛദമായ പരിഹാസമാണു് ഇതിൽ നിറഞ്ഞിരിക്കുന്നതെന്നു ഭാവുകന്മാർക്കു കാണുവാൻ പ്രയാസമില്ല.