പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

വീരരൗദ്രരസങ്ങൾക്കു് കർണ്ണപർവ്വത്തിലെ കർണ്ണാർജ്ജുനയുദ്ധം, ഭീമദുശ്ശാസന യുദ്ധം എന്നിവ ഉത്തമദൃഷ്ടാന്തങ്ങളാണു്. ഭീമൻ ദുശ്ശാസനനെ മറിച്ചിട്ടു മേൽക്കയറിയിരുന്നു ചെയ്യുന്ന കിരാതകൃത്യങ്ങൾ വിവരിക്കുന്ന ഭാഗങ്ങളിൽ ബീഭത്സഭയാനകഭാവങ്ങൾ വഴിഞ്ഞൊഴുകുന്നു.

ചളിപ്പു കൈവിട്ടങ്ങടുത്തു കൈവാളാൽ
പൊളിച്ചു മാറിടം നഖങ്ങളെക്കൊണ്ടും
…………………………………………………………
കുടർമാല മെല്ലെന്നെടുത്തുകൊണ്ടുടൻ
തുടർമാലപോലെ കഴുത്തിലിട്ടുകൊ-
ണ്ടടൽക്കളമെല്ലാം പൊടിപെടുംവണ്ണ
മുടനുടൻ ചാടിത്തുടമേലേ തച്ചും.

എന്നിങ്ങനെയുള്ള ആ വർണ്ണനയിലെ ഉദ്ധതമായ ശബ്ദഘടനതന്നെ എത്രയോ ഭയജനകമായിരിക്കുന്നു! അവസാനത്തിലെല്ലാം ശാന്തവും. ഇതുപോലെ അവസരോചിതമായി ഓരോ രസഭാവങ്ങളെ പ്രകാശിപ്പിക്കുവാൻ കവിക്കുള്ള വൈദഗ്ദ്ധ്യം ഭാരതത്തിൻ്റെ ഏതു ഭാഗത്തു നോക്കിയാലും സ്പഷ്ടമാകുന്നതാണു്.

രസഭാവങ്ങളുടെ പ്രകാശനത്തിൽ എന്നപോലെ തന്നെ, ധർമ്മോദ്ബോധനത്തിലും മഹാഭാരതം, കിളിപ്പാട്ടുകൃതികളിൽ അഗ്രിമസ്ഥാനമർഹിക്കുന്നു. ഉദ്യോഗപർവ്വത്തിലെ വിദുരവാക്യം പ്രസിദ്ധമാണല്ലൊ. അതിലെ രണ്ടുമൂന്നു ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:

”രണ്ടു കർമ്മങ്ങൾ ചെയ്കകൊണ്ടിഹ ലോകത്തിങ്കൽ
കണ്ടവർ കൊണ്ടാടുവാൻ കാരണം മഹീപതേ!
പാരുഷ്യവാക്കു പറയായ്കയും ദുഷ്ടന്മാരോ-
ടേറെച്ചെന്നൊന്നുമർത്ഥിച്ചീടാതെ കഴിക്കയും.”