പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

“കമ്മങ്ങൾകൊണ്ടും നോക്കുകൊണ്ടും വാക്കുകൾകൊണ്ടും
സമ്മാനിച്ചീടുകിലേ രഞ്ജിപ്പൂ ലോകം തങ്കൽ. ”

”അടവി മഴുകൊണ്ടു വെട്ടിയാലകച്ചീടും
കഠിനവാചാ വെട്ടിമുറിച്ചാലകച്ചീടും
നാരാചശല്യം ദേഹത്തിങ്കൽനിന്നെടുത്തീടാം
ക്രൂരവാക്ശല്യമെടുക്കും ചികിത്സകനില്ല”

എന്നിങ്ങനെയുള്ള ആ സുഭാഷിതരത്നങ്ങൾ ജീവിതവിജയത്തിൻ്റെ അടിത്തറ കെട്ടിപ്പടുക്കുവാൻ പോരുന്നവതന്നെയാണു്.

എഴുത്തച്ഛൻ്റെ ഭാവനാശക്തിയെ വിളംബരം ചെയ്യുന്ന ഒരുദാഹരണം കൂടി ഉദ്ധരിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം. ദ്രോണപർവ്വത്തിൽ ആനപ്പുറത്തിരുന്നു യുദ്ധം ചെയ്യുന്ന ഭഗദത്തനെ ലക്ഷ്യമാക്കി അർജ്ജുനശരം പായുന്നതു നോക്കുക:

വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻതൻ്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.

ആ ബാണത്തിൻ്റെ കോലാഹലം പൂണ്ട ഗതിയും, വേഗതയും ആരെയാണു രസിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യാത്തതു്?