എഴുത്തച്ഛൻ
കവിയുടെ ജീവചരിത്രം: എഴുത്തച്ഛൻ്റെ ജീവചരിത്രം കുറിക്കുവാൻ പല പണ്ഡിതന്മാരും യത്നിച്ചിട്ടുണ്ട്. എന്നാൽ ഇന്നും അപൂർണ്ണമാണു്. ജീവിതകാലം, നാമധേയം, മാതാപിതാക്കന്മാർ, ഗുരുജനങ്ങൾ, ജീവിതരീതി തുടങ്ങിയ പല കാര്യങ്ങളിലും പക്ഷാന്തരങ്ങളുണ്ട്. ഭാഗ്യവശാൽ, അദ്ദേഹത്തിൻ്റെ ജന്മഭൂമിയെപ്പറ്റി മാത്രം തർക്കമുള്ളതായി അറിയുന്നില്ല. മലബാറിൽ പഴയ വെട്ടത്തുനാടിൻ്റെ മദ്ധ്യഭാഗമായ പൊന്നാനിത്താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു അല്പം പടിഞ്ഞാറു മാറി, തിരൂർ തീവണ്ടി സ്റ്റേഷനിൽനിന്നും ഏകദേശം ഒന്നൊന്നര മൈൽ തെക്കു പടിഞ്ഞാറ് പൊന്നാനിപ്പുഴയുടെ തീരത്തിൽ ‘തുഞ്ചൻപറമ്പ് എന്നു സുവിദിതമായ ഒരു സ്ഥലം ഇന്നുമുണ്ട്. അതാണ് ഈ ആചാര്യൻ്റെ അവതാരത്താൽ പരിപാവനമാക്കിച്ചെയ്യപ്പെട്ട പുണ്യസ്ഥലം. ഈയിടെ — 1961-ൽ — കേരളഗവണ്മെൻ്റെ് ആ സ്ഥലത്ത് ഒരു ‘തുഞ്ചൻസ്മാരകം’ പണികഴിപ്പിച്ചിട്ടുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണ്.
മാതാപിതാക്കന്മാർ: ചക്കാലവർഗ്ഗത്തിൽ ഉൾപ്പെട്ട ഒരു വനിതയാണ് എഴുത്തച്ഛൻ്റെ മാതാവെന്നുള്ള ഐതിഹ്യം പ്രസിദ്ധമാണു്. പിതാവ് ഒരു മലയാളബ്രാഹ്മണനോ, പരദേശബ്രാഹ്മണനോ ആയിരിക്കണമെന്നു ചിലർ പ്രസ്താവിക്കുന്നു. അതിലേക്കു യുക്തിവിരുദ്ധങ്ങളും അബദ്ധജടിലങ്ങളുമായ ചില കെട്ടുകഥകൾ സൃഷ്ടിച്ചിട്ടുമുണ്ട്. എഴുത്തച്ഛൻ ഗന്ധർവ്വൻ്റെ അവതാരമാണെന്നു വരുത്തുവാനുള്ള ചില കഥകളും ചിലർ മെനഞ്ഞെടുക്കാതിരുന്നിട്ടില്ല. സ്വവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു എഴുത്തച്ഛൻ്റെ പിതാവ് എന്ന പക്ഷവുമുണ്ട്. ചുരുക്കത്തിൽ, സാധ്വിയായ ഒരു ശൂദ്രവനിതയുടെ പുത്രനായിരുന്നു എഴുത്തച്ഛൻ എന്നതിൽക്കവിഞ്ഞ് ഈ വിഷയത്തെപ്പറ്റി വിശ്വാസയോഗ്യമായി എന്തെങ്കിലും പറയുവാൻ തെളിവുകൾ ലഭിച്ചുകഴിഞ്ഞിട്ടില്ല.
