പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ഗുരുനാഥന്മാർ: സാമാന്യവിദ്യാഭ്യാസം സ്വദേശത്തുവച്ചുതന്നെ ലഭിച്ചിരിക്കണം. അഗ്രജനായ രാമനാമാചാര്യൻ എഴുത്തച്ഛൻ്റെ പ്രധാന ഗുരുഭൂതനായിരുന്നു എന്നു തോന്നുന്നു.

അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽ ഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും

എന്ന് അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിൽ അദ്ദേഹത്തെപ്പറ്റി പ്രത്യേകം സ്മരിക്കുന്നുണ്ട്. “മുഖ്യന്മാരായ മറ്റു ഗുരുഭൂതന്മാരെപ്പറ്റി യാതൊരു വിവരവും അറിയുവാൻ സാധിക്കുന്നില്ല. ”അൻപേണമെൻമനസി ശ്രീനീലകണ്ഠഗുരു” എന്ന് ഹരിനാമകീർത്തനത്തിൽ പ്രസ്താവിക്കുന്ന നീലകണ്ഠൻ, മുഖ്യന്മാരായ മറ്റു ഗുരുഭൂതന്മാരിൽ ഒരാളായിരിക്കാം. പക്ഷേ, പി. കെ. നാരായണപിള്ള അഭിപ്രായപ്പെടുന്നതുപോലെ അദ്ദേഹം ആര്യഭടീയഭാഷ്യകാരനായ നീലകണ്ഠസോമയാജിതന്നെയാണെന്നു തീർത്തുപറയുവാൻ നിവൃത്തിയില്ല. ഇത്രമാത്രമേ എഴുത്തച്ഛൻ്റെ ഗുരുനാഥന്മാരെപ്പറ്റി നമുക്കറിയുവാൻ സാധിക്കുന്നുള്ള. സ്വദേശത്തുനിന്നു ലഭിച്ച സാമാന്യവിദ്യാഭ്യാസത്തിനുശേഷം എഴുത്തച്ഛൻ ഒരു വിദേശപര്യടനത്തിനു പുറപ്പെട്ടതായി പറയപ്പെടുന്നു. ആ പരദേശയാത്രയിൽ തെക്കെ ഇന്ത്യയിലുള്ള പല പണ്ഡിതന്മാരുമായി പരിചയപ്പെടുന്നതിനും, ഉപരിഗ്രന്ഥങ്ങൾ പലതും പരിശീലിക്കുന്നതിനും, തെലുങ്ക് മുതലായ ഭാഷകൾ അഭ്യസിക്കുന്നതിനും ഇടയായെന്നുമാണു പരമ്പരയായി പറഞ്ഞുപോരുന്നതു്.