എഴുത്തച്ഛൻ
നാമധേയം: എഴുത്തച്ഛൻ്റെ നാമധേയവും തർക്കവിഷയമാണു്. ശങ്കരൻ, കരുണാകരൻ, രാമൻ, രാമാനുജൻ ഇങ്ങനെ അനേകം പേരുകൾ അദ്ദേഹത്തിൻ്റേതായി ഓരോരുത്തർ പറയാറുണ്ട്. “തുഞ്ചത്തു മേവും രാമദാസനാമെഴുത്തച്ഛൻ” എന്നും 10-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പി പ്രസ്താവിച്ചുകാണുന്നതിൽനിന്നും എഴുത്തച്ഛൻ്റെ നാമധേയം രാമൻ എന്നായിരുന്നുവെന്നു ചിലർ ഊഹിക്കുന്നു. രാമാനുജൻ എന്ന പേർ വളരെ പ്രസിദ്ധമാണു്. 1018-ൽ മംഗലാപുരത്തു ബാസൽമിഷൻ പ്രസ്സിൽനിന്നു മുദ്രണം ചെയ്ത കേരളോല്പത്തിയിൽ ‘തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു ‘ * (കേരളസാഹിത്യചരിത്രം, ഭാഗം 2, പേജ് 487.) എന്നു പറഞ്ഞിരിക്കയാൽ ആ പേരിൻ്റെ ഉല്പത്തിക്ക് ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നുള്ളതു വ്യക്തമാണു്.
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമനാമാചാര്യനും
എന്നു രാമായണത്തിൽ കാണുന്ന പ്രസ്താവനയെ ആസ്പദമാക്കി അഗ്രജനായ രാമൻ്റെ അനുജൻ എന്നും അർത്ഥം വരത്തക്കവിധത്തിൽ ‘രാമാനുജൻ’ എന്നു പില്ക്കാലത്തു് ആരെങ്കിലും ഒരു പുതിയ പേർ കല്പിച്ചതായിരിക്കുമോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും തുഞ്ചത്തു രാമാനുജനെഴുത്തച്ഛൻ എന്ന പേർ കൂടുതൽ പ്രസിദ്ധമായിട്ടുണ്ട്. ഇതരനാമധേയങ്ങൾക്ക് ഇത്രയും അടിസ്ഥാനം പോലും ഉള്ളതായി തോന്നുന്നില്ല.
