പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ഉത്പത്തി: എഴുത്തച്ഛനു മുമ്പു പലതരം ഭാഷാഗാനങ്ങൾ മലയാളത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അവയിൽ ഒന്നിലും കിളിയെക്കൊണ്ടു കഥപറയിക്കുന്ന സമ്പ്രദായമില്ലായിരുന്നു. എഴുത്തച്ഛനാണ് ആ രീതി ആദ്യമായി നടപ്പാക്കിയതു്. തന്നിമിത്തം ആ മഹാകവിയെ കിളിപ്പാട്ടുപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് അഥവാ ജനയിതാവ് എന്നു നാം ബഹുമാനിച്ചു പറഞ്ഞുപോരുന്നു. ഇങ്ങനെ ഒരു നൂതനരീതി സ്വീകരിക്കുന്നതിനുള്ള പ്രചോദനം കവിക്ക് എവിടെ നിന്നു ലഭിച്ചു എന്നുള്ള കാര്യം ഇനിയും സുഗ്രഹമല്ല. സംസ്കൃതത്തിലും തമിഴിലും കിളിയെക്കൊണ്ടു കഥപറയിക്കുന്ന സമ്പ്രദായം പണ്ടേ ഉള്ളതാണ്. ബാണഭട്ടൻ്റെ കാദംബരീചരിതം ഒരു കിളിയെക്കൊണ്ടാണല്ലൊ പറയിക്കുന്നത്. എന്നാൽ അതൊരു ഗദ്യകൃതിയാണെന്ന് ആക്ഷേപമുണ്ടെങ്കിൽ അതുപേക്ഷിക്കുക. ക്രിസ്തുവർഷം 7-ാം ശതകത്തിൽ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധമൂത്തിനായനാർ തേവാരത്തിലും, 9-ാം ശതകത്തിൽ ജീവിച്ചിരുന്ന മാണിക്കുവാചകർ തിരുവാചകത്തിലും, കിളിയെക്കൊണ്ടു കഥ പറയിക്കുന്ന സമ്പ്രദായം തമിഴിൽ സ്വീകരിച്ചുകാണുന്നുണ്ട്. പ്രസ്തുത കവികളായിരിക്കണം എഴുത്തച്ഛൻ്റെ മാർഗ്​ഗദർശികളെന്നു മഹാകവി ഉളളൂർ അഭിപ്രായപ്പെട്ടുകാണുന്നത് ഏറ്റവും സംഗതമായി തോന്നുന്നു.* (കേരളസാഹിത്യ ചരിത്രം, ഭാ​ഗം 2, പേജ് 502 – 503) അതിനാൽ കിളിപ്പാട്ട് എന്ന സാഹിത്യപ്രസ്ഥാനത്തിൻ്റെ ഉത്പത്തിക്കു കാരണമായി ചിലർ അവരവരുടെ മനോധർമ്മം പോലെ പടുത്തുയർത്തിയിട്ടുള്ള വിഭിന്ന മതങ്ങളെപ്പറ്റി ഇവിടെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ല.

കിളിപ്പാട്ടുവൃത്തം: കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതി കിളിപ്പാട്ടു പ്രസ്ഥാനത്തിൻ്റെ പുതുമയ്ക്കു കാരണമായിത്തീർന്നു. അതുപോലെതന്നെ പുതിയ ചില വൃത്തങ്ങൾ സ്വീകരിച്ചതും ഈ പ്രസ്ഥാനത്തിൻ്റെ നവ്യതയ്ക്കു കാരണമായിത്തീർന്നിട്ടുണ്ട്. കേക, കാകളി, കളകാഞ്ചി, അന്നനട എന്നീ നാലു വൃത്തങ്ങളാണു കിളിപ്പാട്ടിൽ മുഖ്യമായിട്ടുള്ളതു്. വൈചിത്ര്യത്തിനുവേണ്ടി മണികാഞ്ചി, ഊനകാകളി തുടങ്ങിയ ചില വൃത്തങ്ങളും എഴുത്തച്ഛൻ മേൽപ്പറഞ്ഞ വൃത്തങ്ങളുടെ ഇടയ്ക്കു പ്രയോഗിച്ചുകാണുന്നുണ്ട്. എന്നാൽ ഈ വൃത്തങ്ങളെല്ലാം എഴുത്തച്ഛൻ്റെ സ്വന്തം സൃഷ്ടികളാണോ? അല്ലെന്നുതന്നെ പറയാം. മലയാളത്തിലെ പഴയ പാട്ടുകളിൽ രാമചരിതം, ഗുരുദക്ഷിണപ്പാട്ട് തുടങ്ങിയ പാട്ടുകളിൽ അവിടവിടെയായി കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങൾ പലതും കാണാം. അവയിൽ ബോധപൂർവ്വം ചില ഭേദഗതികൾ ചെയ്ത് ഒരു പുതിയ രൂപംവരുത്തി എഴുത്തച്ഛൻ സ്വകൃതികളിൽ സ്വീകരിക്കുകയാണുണ്ടായതു്. അന്നനട എന്ന വൃത്തം എഴുത്ത ച്ഛൻ്റെ സ്വന്തമാണെന്നു ഗവേഷകന്മാരിൽ പലരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ പുരാണേതിഹാസങ്ങളെ ഗാനാത്മകമായി ഭക്തിമയസ്വരത്തിൽ പ്രകാശിപ്പിക്കുന്നതിനു പറ്റിയ വൃത്തങ്ങളും ഭാഷയും കവി കൈക്കൊള്ളുകയും, മഹാകാവ്യങ്ങളിലെ സർഗ്ഗങ്ങൾ ഒരേ വൃത്തം കൊണ്ടെന്നപോലെ, കിളിപ്പാട്ടുകളിൽ ഒരു കാണ്ഡം മുഴുവൻ, അഥവാ ഒരു പർവ്വം മുഴുവൻ, ഒരേ വൃത്തം കൊണ്ടു തുടങ്ങി അവസാനിപ്പിക്കയും ചെയ്യുന്ന പതിവ് ആദ്യമായാരംഭിച്ചതു് എഴുത്തച്ഛൻതന്നെയാണ്. ഇങ്ങനെ കിളിയെക്കൊണ്ടു കഥ പറയിക്കുക, പുതിയ വൃത്തങ്ങൾ പുതിയ രീതിയിൽ പ്രയോഗിക്കുക, കഥാകഥനം ഭക്തിമയമാക്കി പ്രകാശിപ്പിക്കുക എന്നു തുടങ്ങിയവയുടെ സവിശേഷതമൂലം കിളിപ്പാട്ട് ഭാഷാസാഹിത്യത്തിൽ ഒരു അഭിനവ പ്രസ്ഥാനമായി ആകൃതിപൂണ്ട് ആവിർഭവിക്കുന്നതിനും ഇടവരുകയും ചെയ്തു.