പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ജീവിതാന്ത്യം: എഴുത്തച്ഛൻ നിത്യബ്രഹ്മചാരിയായിരുന്നെന്നും, വിവാഹിതനായിരുന്നെന്നും രണ്ടു പക്ഷമുണ്ട്. അത് എങ്ങനെയായാലും അദ്ദേഹം അവസാനത്തിൽ സന്യാസജീവിതം കൈക്കൊണ്ടിരുന്നു എന്നുള്ളതു നിസ്സന്ദേഹമാണു്. ഇക്കാലത്ത് അദ്ദേഹം പല പുണ്യസ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കെ, ഒരിക്കൽ വടക്കൻചിററൂരിൽ വന്നുചേരുവാൻ ഇടയായി. പ്രകൃതിമനോഹരമായ ആ ഭൂഭാഗം അദ്ദേഹത്തെ ആകർഷിക്കുകയാൽ അവിടെ ഒരു ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിച്ചു ജീവിതാന്ത്യംവരെ അവിടെത്തന്നെ കഴിഞ്ഞുകൂടുകയും ചെയ്തു. * (ക്ഷേത്രവും അഗ്രഹാരവും മറ്റും പണിയിച്ചതു പിന്നീടു സ്വശിഷ്യനായ സൂര്യനാരായണൻ എഴുത്തച്ഛനാണെന്നു പക്ഷാന്തരമുണ്ട്). എഴുത്തച്ചൻ സമാധി പൂണ്ടതു കൊല്ലം 732 ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലായിരുന്നുവെന്നു ചിലർ കൃത്യമായിപ്പറയുന്നു. ** (കല്യാണസുന്ദരംരേഖ: ഭിക്ഷാടനാർത്ഥം പുറപ്പെട്ടകല്യാണസുന്ദരം എന്നൊരു തെലുങ്കുസന്യാസി ഒരിക്കൽ ആഴുവാഞ്ചേരിമനയ്ക്കൽ വന്നുചേർന്നുവെന്നും, അദ്ദേഹം പിന്നീട് എഴുത്തച്ചൻ്റെ ശിഷ്യനായിത്തീർന്നുവെന്നും, ആ സന്യാസി എഴുത്തച്ഛൻ്റെ ജീവചരിത്രം തെലുങ്കിൽ രേഖപ്പെടുത്തീട്ടുണ്ടെന്നും മറ്റും അടുത്തകാലത്തു ചിലർ പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത രേഖയെ ആധാരമാക്കുമ്പോൾ, എഴുത്തച്ഛൻ്റെ ജനനം കൊല്ലം 661-ലാണെന്നും, നീലകണ്ഠസോമയാജി എന്ന ബ്രാഹ്മണനു വിജാതീയ ഭാര്യയിൽ ജനിച്ച പുത്രനാണദ്ദേഹമെന്നും, 732 ധനു 24-ാം തീയതി ഉത്രം നക്ഷത്രത്തിലാണു. ആചാര്യൻ ദിവംഗതനായതെന്നും മറ്റും കൃത്യമായി പറയാൻ കഴിയുമത്രേ. പക്ഷേ, ആ രേഖയുടെ ഉൽപത്തിയിൽ പലരും ശങ്കിക്കുകയാണു്. അതു് ഒരു അയഥാർത്ഥ പ്രമാണമാകയാൽ അവിശ്വസനീയമാണെന്നും ഉളളൂർ മഹാകവി തുറന്നു പ്രസ്താവിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു രേഖയെ ആസ്പദമാക്കി എന്തെങ്കിലും പറയുന്നതും അസ്ഥാനത്തായിരിക്കുമല്ലോ.) ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ, വളരെക്കാലമായി ധനുമാസം ഉത്രംനക്ഷത്രത്തിൽ ചിറ്റൂർമഠത്തിൽ രാമാനുജയന്തി ആഘോഷിക്കയും, എഴുത്തച്ഛൻ്റെ ശ്രാദ്ധമൂട്ടുകയും പതിവായി ചെയ്തുവരുന്നുണ്ടെന്നുള്ളത് ഒരു പരമാർത്ഥമാണു്. ആചാര്യൻ്റെ വംശം അദ്ദേഹത്തിൻ്റെ സമാധിയോടുകൂടി അന്യംനിന്നു പോയെന്നാണു കേൾവി. കവികുലഗുരുവായ എഴുത്തച്ഛൻ്റെ ജീവിതത്തെപ്പറ്റി അപൂർണ്ണവും അവ്യക്തവുമായ ഇത്തരം ചില വസ്തുതകൾ മാത്രമേ നമുക്കിന്നറിയുവാൻ കഴിയുന്നുള്ളൂ.