പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

മറ്റു കിളിപ്പാട്ടുകൾ: എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികൾക്കു ശേഷം ആ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള കൃതികൾ എണ്ണമറ്റവയാണു്. ആചാര്യൻ്റെ ശിഷ്യപരമ്പരയിൽപ്പെട്ട കരുണാകരൻ, സൂര്യനാരായണൻ, ഗോപാലൻ തുടങ്ങിയവർ തന്നെ അനേകം കൃതികൾ നിർമ്മിച്ചിരിക്കണം. കരുണാകരൻ എഴുത്തച്ഛൻ്റേതെന്നു വിശ്വസിച്ചുപോരുന്ന ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ കിളിപ്പാട്ടുകൃതികൾ അവയിൽ ഉൾപ്പെടുന്നു. എന്നാൽ സാക്ഷാൽ ഗുരുപാദരുടെ കൃതികൾക്കുള്ള സൗഭാഗ്യം അവയിൽ ഒന്നിനും നേടുവാൻ കഴിഞ്ഞിട്ടില്ല. പ്രസ്തുത ശാഖയിൽ പില്ക്കാലത്തുണ്ടായ എണ്ണമറ്റ കിളിപ്പാട്ടുകളുടെ സ്ഥിതിയും ഇതിൽനിന്നു ഭിന്നമല്ല. എഴുത്തച്ഛൻ്റെ ഭാരതം തുടങ്ങിയ കൃതികൾക്കുമുമ്പിൽ, അവയെല്ലാം ദിനദീപരീതിയിൽ നിഷ്പ്രഭങ്ങളായിത്തന്നെ തീരുന്നു. എങ്കിലും പില്ക്കാലത്തു ഭാഷാകവിതയിൽ കിളിപ്പാട്ടുകളുടെ എണ്ണം വളരെ വർദ്ധിക്കുവാനിടയായിട്ടുണ്ടെന്നുള്ളതു് ഒരു പരമാർത്ഥമാണ്. അവയിൽ ശ്രദ്ധേയമായ ചില കൃതികളെപ്പറ്റി മാത്രം ഇവിടെ പ്രസ്താവിക്കാം.

വാല്‌മീകിരാമായണം: 17-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മറാണിയെ സഹായിക്കുവാൻ വടക്കൻ കോട്ടയത്തുനിന്നു തിരുവനന്തപുരത്തു വന്നു താമസമുറപ്പിച്ച കേരളവർമ്മ രാജാവാണു ഇതിൻ്റെ കർത്താവു്. കവി, മൂലത്തിലുള്ള കഥ ഒട്ടുമേയൊഴിയാതെ വിവർത്തനം ചെയ്തിരിക്കയാണു്. ആദ്യത്തെ അഞ്ചു കാണ്ഡങ്ങളേ തമ്പുരാൻ തർജ്ജമ ചയ്തിട്ടുള്ളൂ. രസഭാവാദികളെ വേണ്ടപോലെ ആവിഷ്കരിക്കുവാൻ വിവർത്തകനു സാധിച്ചിട്ടുണ്ട്. അദ്ധ്യാത്മരാമായണം പോലെ ഇതൊരു മതഗ്രന്ഥമല്ലെന്നുള്ളതായിരിക്കാം, ഇതിന്റെ പ്രചാരക്കുറവിനു കാരണമായിത്തീർന്നത്. അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമനെ ഒരു അവതാര പുരുഷനായി വർണ്ണിക്കുന്നു. വാല്മീകിരാമായണത്തിലാകട്ടെ, അദ്ദേഹത്തെ പഞ്ചാനദത്തിലെ ദിഗ്‌വിജയിയായ ഒരു വീരപുരുഷൻ എന്ന നിലയിലാണു് വർണ്ണിക്കുന്നതു്. ആസ്തികരും ഭക്തരുമായ കേരളീയർക്ക് ഇത്തരം കാവ്യങ്ങൾ അത്രതന്നെ ആനന്ദപ്രദങ്ങളായിത്തീരുകയില്ലല്ലോ. എന്നാൽ ഒരു കാവ്യകുതുകിയെ ആനന്ദിപ്പിക്കുവാൻ പോരുന്ന ഹൃദ്യങ്ങളായ പല വർണ്ണനകളും ഈ കാവ്യത്തിലുണ്ട്. രാമാശ്രമത്തിൽ വന്നണഞ്ഞ മായാമൃഗത്തെ കവി വർണ്ണിക്കുന്നതു നോക്കുക:

ഇന്ദ്രനീലപ്രഭാശോഭയാം കൊമ്പുകൾ
ചന്ദ്രമേഘച്ഛവി സമ്മിശ്രമാനനം
ചെന്താമരപോലെയുള്ള മുഖാഗ്രവും
ഇന്ദ്രനീലനിറമുള്ള ചെവികളും
ഇന്ദ്രനീലനിറംപുണ്ടോരുദരവും
നല്ലോരിരിപ്പെടെ പൂവിൻനിറത്തിനെ
വെല്ലുന്ന പാർശ്വങ്ങൾതൻ്റെ യുഗളിയും
വൈലാളനേത്രദ്യുതിഭംഗകാരിയാം
വൈഡൂര്യവർണ്ണം കലർന്ന കുളമ്പുകൾ
വൃത്രഹാ തന്നുടെ വില്ലിനെപ്പോലവേ
ചിത്രമായുള്ളോരു ബാലധിതാനുമായ്
കൂടിക്കളിക്കുന്ന മാനിൻ്റെ കൂട്ടത്തി-
ലോടിക്കളിച്ചുതുടങ്ങീ നിശാചരൻ.