പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ശ്രീരാമനൊന്നിച്ചു വനത്തിലേക്കു പുറപ്പെടുന്ന സീതയെ കൗസല്യ വിളിച്ചു് ഉപദേശിക്കുകയാണു്:

ജനങ്ങളൊക്കെയും നിറഞ്ഞുനില്ക്കവേ
ജനകപുത്രിയെ വിളിച്ചു കൗസല്യാ
അണച്ചു സാദരം മണത്തു മൂർദ്ധാവിൽ
തണുത്തു മെല്ലവേ വദിച്ചു ഖിന്നയായ്:
മകന്നു രാജ്യവും പ്രഭുത്വവുമില്ല,
വിപിനേ പോവാനും തരവും വന്നിതു.
അതുകൊണ്ടു നിൻ്റെ മനസ്സിലേതുമേ
അവമാനം തോന്നാതിരിക്കയും വേണം.
പലപ്പൊഴും പ്രിയം പറയുന്ന ഭർത്താ-
വൊരിക്കലുപ്രിയം പറഞ്ഞാനെങ്കിലും
അവനൊടുള്ളൊരു മനസ്സുവിട്ടുപോ-
മീവണ്ണമല്ലയോ തരുണിമാർമനം?
അനിത്യമായതു ധരിച്ചുകണ്ടാലും
അതങ്ങൊരിക്കലും വരാതെ ജാനകി
അനുകൂലയായിട്ടിരിക്കയും വേണം.
സകല വസ്തുവും സകല വിത്തവും
സകല ധർമ്മവും സകല കർമ്മവും
സകല ബന്ധുവും സകല ജീവനും
പതിവ്രതമാർക്കു പതിതന്നെയല്ലോ.

മധുരോദാരമായ ഈ ഉപദേശം ആരുടെ കരളിനെയാണു് അലിയിക്കാത്തതു്?

പ്രസ്തുത കൃതിയിൽ കവി കിളിയെക്കൊണ്ടു കഥ പറയിക്കുന്നില്ല. കിളിപ്പാട്ടുവൃത്തങ്ങളേ സ്വീകരിച്ചിട്ടുള്ളൂ. കിഷ്ക്കിന്ധാകാണ്ഡത്തിൽ, എഴുത്തച്ഛൻ സ്വീകരിച്ചിട്ടില്ലാത്ത പാനവൃത്തവും കവി കൈക്കൊണ്ടിട്ടുണ്ട്. തമ്പുരാൻ്റെ ഈ കൃതിക്കു് കേരളവർമ്മരാമായണം എന്ന പ്രസിദ്ധിയുമുണ്ട്. പ്രസ്തുത കവിയുടെ വൈരാ​ഗ്യ ചന്ദ്രോദയം, പാതാളരാമായണം തുടങ്ങിയ കൃതികളും പ്രസ്താവയോഗ്യങ്ങളാണു്.