എഴുത്തച്ഛൻ
പാർവ്വതീപരിണയമാണ് കാവ്യത്തിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥത്തെ മൂന്നു ഭാഗമായി വിഭജിച്ചുകൊണ്ടാണു പ്രതിപാദനം. പ്രഥമ ഖണ്ഡത്തിനു് സംഭവഖണ്ഡമെന്നും, ദ്വിതീയഖണ്ഡത്തിനു് തപോവൃത്തമെന്നും, തൃതീയഖണ്ഡത്തിനു് ഉദ്വാഹഖണ്ഡമെന്നും നാമകരണം ചെയ്തിരിക്കുന്നു. കഥാപ്രതിപാദനത്തിൽ ശിവപുരാണത്തേയും, കവിതാവിഷയത്തിൽ കുമാരസംഭവത്തേയുമാണ് ഇക്കൃതി കൂടുതൽ അനുകരിച്ചിട്ടുള്ളത്.
ശബ്ദാടോപം, അർത്ഥചാരുത, രസപുഷ്ടി മുതലായ ഗുണങ്ങൾകൊണ്ടു പ്രസ്തുത കൃതി കലാപരമായി വളരെ ഉയർന്നു നിലകൊള്ളുന്നു.
ജയ ജനനി! ജഗദുദയഭരണഹരണേക്ഷണേ!
ജംഗമാജംഗമബ്രഹ്മവിദ്യാമയി!
ജയ ജനനി! ശിവകമനി! ജയ ഭഗവതീ ശിവേ!
ജന്തുസന്താനസന്തോഷപിന്താമണേ!
തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ
ശാരദബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
ജന്മാദി ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ;
ശരണമിഹ തവ ചരണയുഗളമിതു മാദൃശാം
ശങ്കരാലങ്കാരശൃംഗാരശൃംഖലേ!
