എഴുത്തച്ഛൻ
ഈദൃശഭാഗങ്ങളിലെ ശബ്ദഗുംഭനംതന്നെ എത്ര മനോഹരമായിരിക്കുന്നു. കവിയുടെ അർത്ഥാലങ്കാരവൈദഗ്ദ്ധ്യം കാണണമെങ്കിൽ ദ്വിതീയഖണ്ഡത്തിൽ,
നേർവരാ മെയ്യിൽനിന്നാൽ പറഞ്ഞാലെന്തു
കാർവരാ നമ്മോടു നേരിനെന്നോർത്തവൻ
എന്നു തുടങ്ങി, ആരബ്ധയൗവനയായ പാർവ്വതിയുടെ അംഗത്തെ കേശാദിപാദാന്തമായി വർണ്ണിച്ചിട്ടുള്ളതു നോക്കിയാൽ മാത്രം മതി.
മേന തൻ്റെ ഏകപുത്രിയായ പാർവ്വതിയെ കോപമൂർത്തിയായ ശിവനു വേളി കഴിച്ചുകൊടുക്കുന്ന കാര്യത്തിൽ വിമുഖിയായി ഭർത്താവിനോടു പറകയാണ്:
അയി രമണ! മകളിവളൊരുത്തിയല്ലാതെ മ-
റ്റാരും നമുക്കില്ല; ദുഃഖിക്കരുതിവൾ.
മക്കളിൽ വാത്സല്യമേറിയ മാതാക്കളുടെ സ്വഭാവത്തെപ്പറ്റി നിശ്ചയമുള്ളവർക്കേ മേനയുടെ വാക്കിൻ്റെ മാധുര്യം അനുഭവിച്ചറിയുവാൻ കഴികയുള്ളു ‘ബ്രഹ്മാനന്ദമയിയായ നിൻ്റെ പുത്രിയെ യാതൊരുവിധ ദുഃഖവും സ്പർശിക്കുന്നതേയല്ല’ എന്നിങ്ങനെ തത്ത്വഗർഭിതങ്ങളായ മധുരമൊഴികളാൽ ദീനയായ മേനയെ അരുന്ധതി സമാശ്വസിപ്പിക്കുന്നു.
വ്യസനദശ വിശദസുഖരസമയിയൊടെത്തുമോ?
വെള്ളത്തിനുണ്ടോ പിപാസയുണ്ടായ് വരും?
ഇത്തരം ഭാഗങ്ങൾ എത്രത്തോളം ഭാവമധുരങ്ങളായിരിക്കുന്നുവെന്നു വിവരിക്കുവാൻ പ്രയാസം.
