എഴുത്തച്ഛൻ
ഓജോദാർഢ്യാദി രചനാഗുണങ്ങളാൽ പൂരിതമായ ഗിരിജാകല്യാണം മലയാളപദ്യസാഹിത്യത്തിലെ ഒരു നിക്ഷേപമായിത്തന്നെ കരുതാം.
എഴുത്തച്ഛൻ കൃതികളെത്തുടർന്നു് ആവഴിക്കു സഞ്ചരിച്ചിരുന്നവർ പുരാണകഥകളെ – ആദ്ധ്യാത്മികവിഷയങ്ങളെ – അധികരിച്ചുള്ള കിളിപ്പാട്ടുകളാണു നിർമ്മിച്ചുവന്നിരുന്നത്. എന്നാൽ ആ ഗതാനുഗതികത്വത്തിൽനിന്നു പിൻവാങ്ങി ഇതര വിഷയങ്ങളെ സ്വീകരിച്ചും ചിലർ കിളിപ്പാട്ടുകൾ നിർമ്മിക്കാതിരുന്നില്ല. പടപ്പാട്ട്, മാമാങ്കപ്പാട്ട്, പഞ്ചതന്ത്രം, ചാണക്യസൂത്രം എന്നിവ അങ്ങനെ ഉടലെടുത്തവയാണു്. ഓരോന്നിനെപ്പറ്റിയും വളരെ സംക്ഷിപ്തമായി ചിലതു പ്രസ്താവിക്കാം.
പടപ്പാട്ട്: 17-ാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ കൊച്ചി രാജകുടുംബത്തിലെ താവഴിക്കാർ പരസ്പരം മത്സരിച്ചതും, പോർട്ടുഗീസുകാർ, ഡച്ചുകാർ മുതലായവർ ഓരോ പക്ഷത്തുനിന്നു തുണച്ചതും മറ്റുമായ ചരിത്രമാണു് ഇതിൽ വിവരിക്കുന്നതു്. ദേശചരിത്രപരമായ വസ്തുതകൾ പലതും ഗ്രഹിക്കുവാൻ പ്രസ്തുത കൃതി പലവിധത്തിലും പ്രയോജനപ്പെടുന്നു. വിശേഷിച്ചും ആ കാലഘട്ടത്തിലെ രാജ്യഭരണരീതികൾ, യുദ്ധസമ്പ്രദായങ്ങൾ എന്നിവയെപ്പറ്റി ചരിത്രകാരന്മാർക്കു പലതും ഗ്രഹിക്കുവാൻ അതു് അത്യന്തം സഹായകമാണ്.
കാലവും കർത്താവും: കാവ്യത്തെ ആറു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. രണ്ടാംപാദത്തിൻ്റേയും ആറാംപാദത്തിൻ്റേയും അവസാനത്തിൽ കാണുന്ന കുറിപ്പുകളിൽനിന്നും 922-ലും 935-ലുമായിട്ടാണു് പ്രസ്തുത കൃതി രചിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു. 922-നടുത്ത് ആരംഭിച്ച ഈ കാവ്യം പൂർത്തിയാക്കുവാൻ ഒരു പന്തീരാണ്ടോളം ദീർഘിച്ചതെന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല. ”എത്രയും പാവപ്പെട്ടവനായ അവുറഹാം എഴുതിയതു്. ഇതിനു കൊറവുള്ളതു അറിവുള്ള മഹാബുധന്മാർ അറിഞ്ഞു തീർത്തുകൊള്ളണം” എന്നു കാണുന്ന കുറിപ്പിൽനിന്നും ഈ കാവ്യത്തിൻ്റെ കർത്താവ് ഒരു അബ്രാഹമാണെന്നു നിർണ്ണയിക്കാം. മഹാകവി ഉള്ളൂർ ഇതിൻ്റെ കർതൃത്വം ഒരു ഹിന്ദുവിൽ സമർപ്പിച്ചിരിക്കയാണു്. ”കൊല്ലം 821 മുതൽ 845 വരെ ഇരുപത്തിനാലുവർഷങ്ങൾക്കിടയിൽ കൊച്ചിരാജകുടുംബത്തിനു സംഭവിച്ച ദശാപരിവർത്തനങ്ങളെ വിഷയീകരിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഈ കിളിപ്പാട്ടിൻ്റെ ആവിർഭാവം 850-ാമാണ്ടിടയ്ക്കാണെന്നു നിർണ്ണയിക്കാവുന്നതാകുന്നു. കവി ആ സംഭവങ്ങളിൽ പലതിനേയും ഒരു ദൃക്സാക്ഷിയുടെ നിലയിലാണു് വർണ്ണിക്കുന്നതു്. അദ്ദേഹം ഒരു ഹിന്ദുതന്നെയോ എന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല.”* (കേരളസാഹിത്യചരിത്രം, മൂന്നാം ഭാഗം, പേജ് 167) മഹാകവിയുടെ ഈ അഭിപ്രായം ശരിയല്ലെന്നു മുമ്പറഞ്ഞ വസ്തുതകളിൽനിന്നു വ്യക്തമാണല്ലോ. എന്നാൽ ഈ സമരഗാനകർത്താവായ അബ്രഹാമിനെപ്പറ്റി കൂടുതൽ വിവരമൊന്നും അറിയുവാൻ നമുക്കു കഴിയുന്നില്ല. കൃതിയുടെ ഉത്ഭവകാലം മഹാകവി അഭ്യൂഹിക്കുന്നതുപോലെ കൊല്ലം 850-ാ മാണ്ടിടയ്ക്കുതന്നെ ആയിരിക്കാം.
