പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ഇതിലെ സമരവർണ്ണനകൾ പലതും വളരെ രസപ്രദമാണു്. ലന്തക്കാരുടെ നാവികരും ചെമ്പകശ്ശേരിക്കാരുടെ വഞ്ചിപ്പടയുമായി നടക്കുന്ന സമരത്തിലെ ഒരു ഭാഗം നോക്കുക:

മേളമേറീടുന്ന പീരങ്കിയിൽനിന്നു
കാളുന്ന തീപോലെ വെന്തു പഴുത്തുടൻ
നാളികേരോപമമുള്ളൊളിക്കൊള്ളിക-
ളോളത്തിനു മീതെ തെറ്റിനടക്കുന്നു
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലു വിറച്ചു ലന്തേശു ഭ്രമിക്കുന്നു
തൊപ്പികളൊക്കെത്തെറിച്ചുതുടങ്ങുന്നു
കുപ്പായം ചീർത്തുടൻ കെല്പു കുറയുന്നു;
തോക്കുകളും വാളും വെള്ളത്തിൽപ്പോകുന്നു
തോല്ക്കുമാറായിതു ലന്തപ്പരിഷയും
തീക്കൊള്ളിപോലെ ശരങ്ങളേറ്റീടുന്നു;
തീക്കുടുക്കകളും കത്തിയണയുന്നു.
ചേലയും കൂന്തലും കത്തിപ്പൊരിയുന്നു;
മാലോകരും കണ്ടു വിസ്മയിച്ചീടുന്നു.
കാണിപോലും പഴുതാതെ നായന്മാർകൾ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ക്കാതെയുള്ള കെറുവോടണയുന്നു
മൂക്കിൽ വെള്ളം പുക്കു ചീറ്റിത്തുടങ്ങുന്നു;
തോക്കുകൾകൊണ്ടു തലയ്ക്കിട്ടടിക്കുന്നു. (മൂന്നാം പാദം)

ഇതുപോലെ മനോഹരമായ പല വർണ്ണനകളും ഇതിലുണ്ട്. പ്രഥമപാദത്തിൽ,

ഭാഷയിൽപ്പല പടപ്പാട്ടുണ്ടു കേരളത്തിൽ-
ക്കോഴകൾ കുറഞ്ഞ വിദ്വാന്മാർ ചമച്ചിട്ട്
ഭോഷൻ ഞാനതുപോലെ ചൊല്ലുവാൻ ഭാവിച്ചതു
ദോഷമല്ലെന്നു വരുത്തീടണം തമ്പുരാനേ!

എന്നു കവി പ്രസ്താവിച്ചുകാണുന്നതിൽനിന്നു് കേരളത്തിൽ സമരഗാനങ്ങൾ ഇതിനുമുമ്പു വേറെയും ചിലതുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു. ഒരു ചെപ്പുകാട്ടു തിരുനീലകണ്ഠനുണ്ടാക്കിയ കണ്ടിയൂർമറ്റം പടപ്പാട്ട് (ഹര്യക്ഷമാസമരോത്സവം കിളിപ്പാട്ട് – ഓണപ്പാട്ട്) മുതലായവ അത്തരത്തിൽപ്പെട്ടവയായിരിക്കണം.