എഴുത്തച്ഛൻ
മാമാങ്കപ്പാട്ടു്: തെക്കെ മലബാറിൽ കാടഞ്ചേരി ഇല്ലത്തെ ഒരു നമ്പൂരി ചമച്ചതാണു മാമാങ്കപ്പാട്ട്. 1694-ലും 1695-ലും നടന്ന മാമാങ്കമഹോത്സവമാണു് ഇതിലെ പ്രതിപാദ്യം. ചാവേർ എന്ന ഏർപ്പാടിനെപ്പറ്റിയും കിളിപ്പാട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. വർണ്ണനകളിൽ കവിയുടെ മനോധർമ്മം വേണ്ടുവോളം തെളിഞ്ഞു കാണാം. സ്വർഗ്ഗസ്ത്രീകൾ വിവാഹസ്ഥകളായി മാമാങ്കം കണ്ടുകൊണ്ടിരുന്നപ്പോൾ, തമ്പുരാൻ്റെ പത്നിയായ കൊടിക്കുന്നത്തു് ഉണ്ണിശ്രീദേവിയുടെ സൗന്ദര്യം ദർശിക്കുവാനിടയായ അവർ അതിൽ അസൂയപൂണ്ട് സരസ്വതിയോടു സങ്കടമുണർത്തിക്കുകയാണ്:
ഭദ്രേ! നിരൂപിക്ക നാരികളെത്തെളി-
ഞ്ഞിത്രയെല്ലാം ശ്രമിച്ചാക്കിത്തുടങ്ങിയാൽ
മുട്ടുപാടൊന്നൊഴിഞ്ഞെന്തു ചൊല്ലുന്നതി-
പ്പൊട്ടികൾക്കാശ്രയം മറ്റാരുമില്ലല്ലൊ
ഭവതി തവ രമണനൊടിതരുതിനിയൊരിക്കലെ-
ന്നവസരമറിഞ്ഞുണർത്തിക്കവേണം ശുഭേ!
സ്വാർന്നാരിമാരുടെ ഈ നിവേദനം ആരെയാണു് രസിപ്പിക്കാത്തതു്?
പടപ്പാട്ടുപോലെതന്നെ മാമാങ്കപ്പാട്ടും ചരിത്രകാരന്മാക്കു വിലപിടിച്ച ഒരു പ്രമാണഗ്രന്ഥമാണ്. ”ഒൻപതാം ശതകത്തിലെ കേരളചരിത്രത്തിനു പൊതുവേയും, നെടിവിരിപ്പുസ്വരൂപത്തിൻ്റെ ചരിത്രത്തിനു പ്രത്യേകമായും, ഗവേഷകന്മാർക്കു് ഇതിനെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കാവുന്നതാണു്” എന്നു കേരള സാഹിത്യ ചരിത്രത്തിൽ മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു.
