എഴുത്തച്ഛൻ
പഞ്ചതന്ത്രം കിളിപ്പാട്ട്: തുള്ളൽക്കഥകളുടെ നിർമ്മാതാവായ കുഞ്ചൻ നമ്പ്യാരത്രെ ഇതിൻ്റെ കർത്താവു്. നമ്പ്യാരുടെ കാവ്യഗുണങ്ങൾ പലതും ഇതിലും തെളിഞ്ഞുകാണാം. സംസ്കൃതത്തിലുള്ള സമ്പൂർണ്ണ പഞ്ചതന്ത്രം സംഗ്രഹിച്ചിട്ടുള്ളതാണു്, പ്രസ്തുത കിളിപ്പാട്ട് എന്നത്രെ മലയാളികൾ പൊതുവെ ധരിച്ചുപോന്നിട്ടുള്ളത്. ഭാഷാചരിത്രകാരന്മാരായ പി. ഗോവിന്ദപ്പിള്ള, ഉളളൂർ തുടങ്ങിയവരും അതേ അഭിപ്രായക്കാർ തന്നെയാണു്. മൂലവുമായി ഒത്തുനോക്കി പരിശോധിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നു തോന്നുന്നു. ഈയിടെ ക്യൂറേറ്റർ ഡോക്ടർ കെ. രാഘവൻപിള്ള തൽസംബന്ധമായ ഒരു ലേഖനം * (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1965 ഒക്ടോബർ 24.) പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു ശ്രദ്ധേയമാണ്. അതിൽ ഒരു ഭാഗം ശ്രദ്ധിക്കുക:
”സമ്പൂർണ്ണ പഞ്ചതന്ത്രത്തിൽ നിന്നു സ്വന്തം മേധ ഉപയോഗിച്ചു ഭാഷയിൽ ഒരു പഞ്ചതന്ത്രം രചിക്കുകയല്ല നമ്പ്യാർ ചെയ്തതു്. സമ്പൂർണ്ണ പഞ്ചതന്ത്രം മറ്റൊരാൾ സംസ്കൃതത്തിൽത്തന്നെ സംഗ്രഹിച്ചിരുന്നു. അതിൻ്റെ ഏതാണ്ട് വാക്യാനുവാക്യമായ തർജ്ജുമയാണു് നമ്പ്യാരുടെ കിളിപ്പാട്ട്. നമ്പ്യാർ കൂട്ടിച്ചേർത്തതു നമ്പ്യാർക്കുമാത്രം സ്വായത്തമായ ശാഖാചംക്രമണങ്ങളും സമൂഹനിരീക്ഷണങ്ങളുമാണു്. കൂടാതെ തികച്ചും കേരളീയമായ ഒരു അന്തരീക്ഷവും.”
സമ്പൂർണ്ണ പഞ്ചതന്ത്രത്തിൽ മഹിളാരോപ്യം എന്ന നഗരത്തിൽ അമരശക്തി എന്ന രാജാവുണ്ടെന്നു കഥ തുടങ്ങുമ്പോൾ, സംക്ഷിപ്ത പഞ്ചതന്ത്രത്തിൽ, പാടലീപുത്രം എന്ന നഗരത്തിൽ സുദർശനൻ എന്ന രാജാവുണ്ടെന്നു കഥ തുടങ്ങുന്നു. നമ്പ്യാർ സംക്ഷേപ പഞ്ചതന്ത്രക്കാരനെയാണു പിന്തുടന്നിട്ടുള്ളതെന്നു് ഈ തുടക്കം തന്നെ തെളിവു നല്കുന്നു.
