പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

കൃതികൾ: മലയാളത്തിൽ സാഹിത്യഗവേഷണം ആദ്യമായാരംഭിച്ചതു ഭാഷാചരിത്രകർത്താവായ പി. ഗോവിന്ദപ്പിള്ളയാണു്. അദ്ദേഹം, അജ്ഞാത കർത്തൃകങ്ങളായ ഒട്ടുവളരെ കൃതികൾ അന്ന് എഴുത്തച്ഛൻ്റേതായി ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അവയിൽ പലതും ഇന്നും തർക്കവിഷയം തന്നെയാണു്. അവിതർക്കിതമായി രണ്ടേരണ്ടു കൃതികൾ മാത്രമേ എഴുത്തച്ഛൻ്റേതായി പറയുവാനുള്ളു; അദ്ധ്യാത്മരാമായണം, മഹാഭാരതം എന്നീ കിളിപ്പാട്ടുകൃതികൾ.

ഭാഗവതം കിളിപ്പാട്ടിൽ നവമസ്ക്കന്ധത്തോളമുള്ള കഥ എഴുത്തച്ഛൻ്റേതാണെന്നു പുന്നശ്ശേരി ശ്രീധരൻനമ്പി പ്രസ്താവിക്കുന്നു. ഉളളൂർ, പി. കെ. തുടങ്ങിയ പണ്ഡിതന്മാരും ആ അഭിപ്രായത്തോടു മിക്കവാറും യോജിക്കുന്നുണ്ട്. ”ഇതിലെ വാക്സരണിയെ സൂക്ഷ്മദൃഷ്ട്യ പരിശോധിക്കുന്നതായാൽ അതിൽ എഴുത്തച്ഛൻ്റെയല്ലാതെ മറ്റൊരാളിൻ്റെ കൈകൾകൂടി പ്രവർത്തിച്ചിരിക്കുന്നതായി തോന്നിപ്പോകുന്നു. പക്ഷേ, അദ്ദേഹത്തിൻ്റെ ശിഷ്യവര്യൻകൂടി ഇടയ്ക്കിടെ സഹായിച്ചുവെന്നു വന്നേക്കാം” എന്നു കേരളസൂരിവര്യനായ ആർ. ഈശ്വരപിള്ളയും അഭിപ്രായപ്പെടുന്നു. ചിന്താരത്നവും, ഹരിനാമകീർത്തനവും എഴുത്തച്ഛൻ്റെ കൃതികളായി പരമ്പരയാ ജനസാമാന്യം വിശ്വസിച്ചുപോരുന്നു. എന്നാൽ അവ രണ്ടും എഴുത്തച്ഛൻ്റേതായിരിക്കാൻ ഇടയില്ലെന്നാണു് മഹാകവി ഉളളൂർ അഭിപ്രായപ്പെടുന്നത്. * (കേരളസാഹിത്യചരിത്രം, ഭാഗം 2, പേജ് 541, 549.)