എഴുത്തച്ഛൻ
നീതിശാസ്ത്ര സിദ്ധാന്തങ്ങളാണു പഞ്ചതന്ത്രത്തിലെ പ്രമേയം. കുറച്ചുകൂടി വിശദമായിപ്പറഞ്ഞാൽ പാടലീപുത്രത്തിലെ രാജാവായ സുദർശനൻ്റെ പുത്രന്മാരെ സോമശർമ്മാവെന്ന ഒരു ‘ശാസ്ത്രി ബ്രാഹ്മണൻ’ ആറുമാസംകൊണ്ടു ‘സൽക്കഥാ കഥനമെന്നുള്ളൊരു മാർഗ്ഗത്തൂടെ’ നീതിശാസ്ത്ര തത്ത്വങ്ങളെല്ലാം പഠിപ്പിച്ചു രാജ്യതന്ത്രജ്ഞന്മാരാക്കിത്തീർക്കുന്നതാണ് ഇതിലെ വിഷയം. മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, ലബ്ദനാശനം, അസംപ്രേക്ഷ്യകാരിത്വം ഇങ്ങനെ പഞ്ചധാ ഭാഗിച്ചുകൊണ്ടാണു പ്രതിപാദനം. പഞ്ചതന്ത്രം എന്ന പേരിനു കാരണവും അതു തന്നെ. പഞ്ചതന്ത്രകഥകൾപോലെ വിശ്വപ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള കഥകൾ അധികമില്ല. സിംഹവൃഷഭാദികളും കാകോലുകാദികളുമായ തിര്യഗ് ജന്തുക്കളിൽ മനുഷ്യധർമ്മം ആരോപിച്ചുകൊണ്ടാണു് ഇതിലെ കഥകൾ നിർമ്മിച്ചിട്ടുള്ളതു്.
ഇതിൽ പ്രതിപാദിച്ചിട്ടുള്ളതുപോലെ ലോകതത്ത്വങ്ങളും ജീവിതപ്രശ്നങ്ങളും ഭാഷയിലെ മറ്റൊരു കൃതിയിലും നാം കാണുകയില്ല. ഏതാനും ചില വരികൾ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
”അമ്പുകൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും
കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളുർത്തീടും
കാട്ടുതീ വെന്താൽ വനം പിന്നെയും തെഴുത്തീടും
കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകംപൂക്കു പുണ്ണായാലതു പിന്നെ
പൂർണ്ണമായ് ശമിക്കയില്ലൊട്ടുനാൾ ചെന്നാൽ പോലും.”
”തന്നുടെ വിദ്യകൊണ്ടും തന്നുടെ ശൗര്യം കൊണ്ടും
തന്നുദരത്തെ പുരിപ്പിക്കുന്നവൻ ധന്യൻ
ശ്വാവിനെപ്പോലെ കിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ
കേവലം കൃമിപ്രായനെന്നതേ ചൊൽവാനുള്ളൂ”
”തങ്ങളിൽ കടിപിടികൂട്ടുവാൻ പലരുണ്ടാം
തങ്ങളിൽ പറഞ്ഞുചേർക്കുന്നവർ പാരം തുച്ഛം”
“ശാസ്ത്രം ഗ്രഹിച്ചതുകൊണ്ടു മതിയല്ല
ശാസ്ത്രോക്തമാചരിക്കാതെ ഫലംവരാ.”
