പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ശ്രീഗാരുഡപുരാണം: വടക്കുംചേരി അകത്തൂട്ടു ദാമോദരൻകർത്താവു നിർമ്മിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. എഴുത്തച്ഛൻ ചെയ്തിട്ടുള്ളതുപോലെ കഥ കിളിയെക്കൊണ്ടു പറയിക്കുകയാണു് ഇതിലും ചെയ്തിട്ടുള്ളതു്. കഥാവസ്തു പതിനാറദ്ധ്യായങ്ങളായി തിരിച്ച് എഴുതിയിരിക്കുന്നു. 16-ാം അദ്ധ്യായത്തിൻ്റെ അവസാനത്തിൽ ‘ഇതി ശ്രീഗാരുഡപുരാണേ ഭഗവൽഗരുഡസംവാദേ മോക്ഷധർമനി രൂപണോ നാമ ഷോഡശോദ്ധ്യായഃ’ എന്നു കുറിച്ചിട്ടുണ്ട് . ഇതുപോലെ മറ്റു അദ്ധ്യായങ്ങളുടെ അവസാനത്തിലും.

രചന അക്ലിഷ്ടമെന്നുതന്നെ പറയാം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ഒരഭിപ്രായം ആമുഖമായി ചേർത്തിട്ടുണ്ട്. തിരുവനന്തപുരം സെൻ്റ് ജോസഫ് പ്രസ്സിൽ 1884-ൽ അച്ചടിച്ചിട്ടുള്ള ഒരു കൃതിയാണിതു്. തിരുവിതാംകൂറിൽ അന്നു നാടുവാണിരുന്ന വിശാഖംതിരുനാൾ തമ്പുരാനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ശ്ലോകം ഗ്രന്ഥത്തിൻ്റെ ആരംഭത്തിൽ ചേർത്തിട്ടുണ്ട്. ദാമോദരൻ കർത്താവു്, ഭർത്തൃഹരി നീതിശതകം ഭാഷാശ്ലോകങ്ങളായി വിവർത്തനം ചെയ്തിട്ടുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണു്.