പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

പ്രാരംഭം: ഏതെങ്കിലും ഒരാശയത്തെ പൂർണ്ണമായും ചമൽക്കാരഭരിതമായും പ്രകാശിപ്പിക്കുന്ന ചതുഷ്പദികൾക്കാണ് മുക്തകങ്ങൾ അഥവാ ഒറ്റശ്ളോകങ്ങൾ എന്നു പറയുന്നത്. മണിപ്രവാളസാഹിത്യത്തിൽ നല്ലൊരുഭാഗം ഇത്തരത്തിലുള്ളവയാണ്. തോലൻ്റെ കാലം മുതൽ ഉത്ഭവിച്ചു, ചമ്പുകാരന്മാരുടെ കാലം മുതൽ വികസിതമായി ഇന്നുവരെ ഈയിനത്തിൽ ഉണ്ടായിട്ടുള്ള ശ്ലോകങ്ങൾക്കു കയ്യും കണക്കുമില്ല. എന്നാൽ അവയിൽ പലതും ഇന്നു നശിച്ചുകൊണ്ടിരിക്കയാണു്. ചരിത്രഗവേഷകന്മാർ അവയെ തിരഞ്ഞുപിടിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഉപലബ്ധമായ ശ്ലോകങ്ങളിൽ പലതിൻ്റേയും പ്രണേതാക്കൾ ആരെന്നു വിവാദരഹിതം നിർണ്ണയിക്കാൻ ഇന്നു കഴിയുന്നുമില്ല. അർവ്വാചീനകാലത്തുണ്ടായ ‘പൂമെത്തേലെഴുന്നേറ്റിരുന്നു ദയിതേ’ എന്ന സുപ്രസിദ്ധ പദ്യംതന്നെ പൂന്തോട്ടത്തിൻ്റെയോ വെണ്മണിയുടെയോ എന്ന സംശയാസ്പദമായിത്തീർന്നിട്ടുണ്ട്. ഈവക കുഴപ്പങ്ങളെ കഴിയുന്നതും പരിഹരിച്ചു സന്ദർഭവിവരണങ്ങളോടുകൂടി കഴിവുള്ളവർ ഇവയെ പ്രസിദ്ധപ്പെടുത്തുന്നതു നന്നായിരിക്കും.

ഒറ്റശ്ലോകങ്ങൾ മിക്കവയും ഓരോ പ്രത്യേക സന്ദർഭങ്ങളെയോ സംഭവങ്ങളെയോ ആസ്പദമാക്കി രചിച്ചിട്ടുള്ളവയാകയാൽ അവയുടെ ചമൽക്കാരം സർവ്വഥാ ആസ്വാദ്യമായിത്തന്നെയിരിക്കുന്നു. പക്ഷേ, ഇവയിൽ അധികമെണ്ണവും പ്രേമപ്രകാശകങ്ങളായ പദ്യങ്ങളാണെന്നുള്ളതും വിസ്മരിച്ചുകൂടാ. മൃഷ്ടാന്നഭുക്തിയും കഴിഞ്ഞ്, ജീവിതക്ലേശങ്ങളും ഉത്തരവാദിത്വമുള്ള ജോലികളും ഒന്നുമില്ലാതെ, വെടിപറഞ്ഞിരിക്കുമ്പോൾ ഇത്തരം വാങ്‌മയങ്ങൾക്കുള്ള അവസരം താനേ വന്നുകൊള്ളും. ആ വിധത്തിലാണ് ഇവയിൽ അധികമെണ്ണവും ഉൽപന്നമായിട്ടുള്ളത്. ‘ജീവിതമെന്നാൽ യഥേഷ്ടം സുഖിക്കലാണെ’ന്നു കരുതുന്നവർക്ക് ജീവിതത്തിന്റെ നിതാന്തരമണീയങ്ങളായ ശാദ്വലപ്രദേശങ്ങളിൽക്കൂടിയല്ലാതെ, കർക്കശങ്ങളോ ദുരിതപൂരിതങ്ങളോ ആയ ഭാഗങ്ങളിൽക്കൂടി സഞ്ചരിക്കാൻ താല്പര്യമോ പ്രേരണയോ ഉണ്ടാവുകയില്ലല്ലോ? മണിപ്രവാളമുക്തകങ്ങളുടെ കർത്താക്കളിൽ നല്ലൊരു പങ്കും അത്തരക്കാരാണു്. മാംസനിബദ്ധമായ രാഗത്തിൻ്റെ ഫലപ്രാപ്തിയെക്കവിഞ്ഞുള്ള ചിന്തകളോ ജീവിതലക്ഷ്യങ്ങളോ അധികമൊന്നും അവർക്കുണ്ടായിരുന്നില്ല. സ്വന്തം സുഖാനുഭവങ്ങളുടെ സ്മരണകളും അവയുടെ അയവിറക്കലുമാണ്. അവരുടെ പ്രേമകവിതകളിൽ അധികവുമുള്ളത്.