പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

കവി ഏലുരുമൂപ്പനു ചികിത്സ നടത്തുവാൻ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണിത്:

വട്ടത്തൊപ്പി, വളർന്ന താടി, വയറും നെഞ്ഞും കവിഞ്ഞൊപ്പമായ്
കെട്ടിക്കാടുപിടിച്ച രോമ,മരയിൽ പിച്ചാത്തി മെച്ചത്തരം
കട്ടിക്കാങ്കി, കറുപ്പുടുപ്പൊരുറുമാൽ, ശൗര്യം ശകാരങ്ങളീ-
മട്ടിൽ ജ്ജനകരെത്രവേണമവിടെക്കണ്ടേൻ കണക്കെന്നിയേ.

വെണ്മണിമഹൻ്റെ ‘ചാരം തേച്ചുപിരിച്ച….’ ‘പാളത്താറും പെരുത്തുന്തിന….’ എന്നു തുടങ്ങുന്ന ശബ്ദചിത്രങ്ങളുമായി ഇതിനെ തുലനം ചെയ്തുനോക്കുക.

ഒറവങ്കര നീലകണ്ഠൻ നമ്പൂരി (രാജൻ) തിരുവനന്തപുരത്തു് മൂലംതിരുനാളിനു് അടിയറവെച്ച പദ്യങ്ങളിൽ ഒരെണ്ണം വളരെ പ്രസിദ്ധമാണ്. ശബ്ദാർത്ഥ രുചിരമായ ആ പദ്യം താഴെ ചേർക്കുന്നു:

മർത്ത്യാകാരേണ ഗോപീവസനനിര കവർന്നോരു ദൈത്യാരിയെത്തൻ-
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ,
പൊൽത്താർമാതാവിതാ തൻ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്യാ നിത്യം ഭവാനെ, ക്കനിവിവളിലുദിക്കൊല്ല കാരുണ്യരാശേ!

ഈ കവിരാജൻ്റെ ‘അംബികാവിംശതി’ അനുസ്മരിക്കമാത്രമേ ഈയവസരത്തിൽ തരമുള്ളു.