പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

രാജപ്രശസ്തിപരങ്ങളായ പദ്യങ്ങൾ ഒട്ടധികം ഇവിടെ ഉദ്ധരിക്കുവാനുണ്ട്. പുനം നമ്പൂരിയുടെ ‘താരിൽത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ’ എന്നു തുടങ്ങുന്ന പദ്യം പ്രസിദ്ധമാണല്ലൊ. തിരുവനന്തപുരത്ത് അടുത്തകാലംവരെ നടന്നിരുന്ന ശീവേലി മഹോത്സവം പ്രസിദ്ധമാണു്. അതിനെ ചിത്രീകരിക്കുന്ന ഒരു ശ്ലോകമാണിത്:

മുത്തണിഞ്ഞ കുട ചാമരം തഴ നിറംകലർന്ന പല വാദ്യവും
പത്തുനൂറു നവസുന്ദരാംഗികൾ വിളക്കെടുത്തു പുറകേ മുദാ
ഭക്തിപൂണ്ടു പദപങ്കജം തൊഴുതു ലോകർ തിങ്ങിയുടനെങ്ങുമേ
ചിത്രമേ തിരുവനന്തനൽപുരമമർന്ന ശീവലിമഹോത്സവം.

കവിത ആരുടേതെന്നു നിശ്ചയമില്ല. കുഞ്ചൻനമ്പ്യാരുടേതെന്നു ചിലർക്കഭിപ്രായമുണ്ട്.

ഒറ്റശ്ലോകങ്ങളിൽ ചിലതു് ഒന്നാന്തരം ചിത്രങ്ങളാണ്. ആട്ടപ്രകാരത്തിൽ തൽക്കർത്താവ് ഒരു പുലച്ചിയെ വർണ്ണിക്കുന്നതു നോക്കുക:

ഈഴച്ചേമ്പുമിരണ്ടുമുൻറു പിറകം വാഴയ്ക്കു കീഴേടമും
വൻതേങ്ങാമുറിയും വളഞ്ഞ പുളിയും മീനിന്നു മേലേടമും
മുന്നം കുത്തുമുമിക്കു മൂത്ത തവിടും പായും പഴമ്പുട്ടലം
കൈക്കീഴ്വച്ചു ചിരിച്ചു കോത വരുമാറുണ്ടോ മറക്കാവതു്?