ഒറ്റശ്ളോകങ്ങൾ
ഇതിനുമുമ്പുദ്ധരിച്ച പൂന്തോട്ടത്തിൻ്റെ ‘മൂടില്ലാത്തൊരു മുണ്ടുകൊണ്ട്’ എന്നു തുടങ്ങുന്ന പദ്യം ഇതിൻ്റെ ഒരനുകരണമായിരിക്കാമെന്നു തോന്നിപ്പോകുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വരച്ചിട്ടുള്ള ധർമ്മപുത്രരുടെ ഒരു ചിത്രം നോക്കുക:
ഒട്ടേറ്റം നീണ്ട മൂക്കും നെടിയ മിഴികളും
ധീരമാം നോട്ടവും പൊൻ-
മട്ടേന്തും മെയ്,ക്കിണങ്ങും തടിയുമുയരവും
വീതിയേറുന്ന മാറും
മുട്ടോളം നീണ്ട കൈ വീശിന ഘനനടയും
മറ്റുമത്രേ പ്രസിദ്ധ-
പ്പെട്ടോരാ ധർമ്മരക്ഷാവ്യസനധനികനാം
ധർമ്മപുത്രൻ്റെ രൂപം.
പ്രകൃതിവിലാസവർണ്ണനങ്ങളോടുകൂടിയ ഒറ്റശ്ലോകങ്ങൾ വളരെയധികമുണ്ട്.
കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ്റെ,
ചാരുശ്രീ ധരണിക്കിടക്കയിൽ നിലാവാം മേൽവിരിപ്പിട്ടുടൻ
താരാനായകനാം ഗുളോപ്പു തെളിയിച്ചാകാശമേല്ക്കട്ടിയിൽ
ചേരും താരരസക്കുടുക്കകൾ മുദാ തൂക്കിജ്ജഗന്മന്ദിരം
പാരം മോടിവരുത്തിടുന്നു രജനീവേശ്യാദ്യ പശ്യാദരാൽ,
എന്ന പദ്യവും, വള്ളത്തോളിൻ്റെ,
ശ്യാമപ്പൂമെത്ത, ചഞ്ചൽക്കുളിർവിശറി, മണീ-
കീർണ്ണമാം നീലമേലാ-
പ്പോമൽത്തങ്കഗ്ഗുളോപ്പീവക വിഭവശതം
ചേർന്ന കേളീഗൃഹം മേ
പ്രേമത്താലേ സ്വയം തന്നരുളിയ പരമോ-
ദാരശീലൻ്റെ മുമ്പിൽ
കാമത്താൽ കൊച്ചു കൈക്കുമ്പിളിതഹഹ, മല-
ർത്തുന്ന ഞാനെത്ര ഭോഷൻ!
എന്ന പദ്യവും മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
