ഒറ്റശ്ളോകങ്ങൾ
കൊല്ലവർഷം 9-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിലും 10-ാംനൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധത്തിദ്ധലുമായി ജീവിച്ചിരുന്ന ഒരു രസികാഗ്രണിയാണ് ചേലപ്പറമ്പ് വാസുദേവൻ നമ്പൂതിരി. കോഴിക്കോട്ടടുത്തുള്ള ചാലിയത്തായിരുന്ന ഇദ്ദേഹത്തിൻ്റെ ഇല്ലം. അമ്മായിശ്ലോകങ്ങൾ എഴുതാൻ ചേലപ്പറമ്പ് ചെറുപ്പത്തിലേതന്നെ വിരുതനായിരുന്നു. ”ഭക്ത്യാ ഞാനെതിരേ കുളിച്ചു” എന്നു തുടങ്ങുന്ന പ്രസിദ്ധ പദ്യം നമ്പൂതിരി അനാഗതശ്മശ്രുവായിരുന്ന കാലത്തു് എഴുതിയതാണത്രെ. വിദുഷീരത്നമായിരുന്ന കോഴിക്കോട്ട് മനോരമത്തമ്പുരാട്ടി ഒരിക്കൽ ഇദ്ദേഹത്തെ കൊട്ടാരത്തിൽ വരുത്തി. നമ്പൂരിയെ കണ്ടയുടൻ അല്പം പുച്ഛഭാവത്തോടും എന്നാൽ മന്ദഹാസത്തോടുംകൂടി തമ്പുരാട്ടി ഇങ്ങനെ കല്പിച്ചു: ”ഉണ്ണിനമ്പൂരി നിമിഷകവനത്തിൽ അതിചതുരനാണെന്നു കേട്ടിട്ടാണു്, ആളയച്ചുവരുത്തിയത്. ഉടനെ ഒരു ശ്ലോകം നിർമ്മിച്ചു ചൊല്ലിക്കേട്ടാൽ കൊള്ളാം.” കല്പനകേട്ട ആ നിമിഷത്തിൽത്തന്നെ ആ സരസൻ ചൊല്ലിയ ശ്ലോകമാണു താഴെ കുറിക്കുന്നത്:
ചഞ്ചൽച്ചില്ലീലതയ്ക്കും പെരിയ മണമെഴും
പൂമുടിക്കും തൊഴുന്നേൻ,
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞീട്ടമൃതു പൊഴിയുമ-
പ്പുഞ്ചിരിക്കും തൊഴുന്നേൻ;
അഞ്ചമ്പൻചേർന്ന യൂനാം മനസിഘനമുലയ്ക്കും
മുലയ്ക്കും തൊഴുന്നേൻ,
നെഞ്ചിൽ കിഞ്ചിൽക്കിടക്കും കൊടിയ കുടിലത –
യ്ക്കൊന്നു വേറേ തൊഴുന്നേൻ!
