പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

കുളിച്ചു കൂന്തൽപുറയും (1) തുവർത്തി–
ക്കുളുർക്ക നോക്കിപ്പുനരെമ്മുളാരെ (2)
ഒരുത്തി പോനാളധുനാ മണന്മേ (3)–
ലവൾക്കു പോലിങ്ങിനിയെങ്ങൾ ചേതഃ (4) (ലീലാതിലകം)

തിമിരഭരമെടുത്തിട്ടേകമേണാങ്കബിംബം
മലകളതിനുതാഴേ രണ്ടിതാകാശഗാമീ
തദനു കരിശിരസ്സും തല്ക്കരം രണ്ടു, മോർത്താ-
ലൊരു കനകലതായാം കാട്ടിയോരിന്ദ്രജാലം. (തോലൻ)

ഇവ വായിക്കുമ്പോൾ ഒരു പുഞ്ചിരിതൂകുവാൻ തോന്നുന്നില്ലെ? ഒരു കനകലതയിൽ ഇന്ദ്രജാലം കാട്ടിയിരിക്കയാണോ എന്നു ശങ്കിക്കുന്ന രണ്ടാമത്തെ ശ്ലോകം, ഒന്നാന്തരം രൂപകാതിശയോക്തികൂടിയാണു്.

കോട്ടയം കേരളവർമ്മതമ്പുരാൻ ഇംഗ്ലീഷുകാരുമായി പിണങ്ങി കാട്ടിൽ കഴിഞ്ഞുകൂടവേ, നാട്ടിൽ ജീവിച്ചിരുന്ന തൻ്റെ പ്രാണപ്രണയിനിയായ കൈതേരിമാക്കം എന്ന കെട്ടിലമ്മയെ ഗ്രഹിപ്പിക്കുവാൻ എഴുതിവെച്ചിരുന്ന ഒരു ശ്ലോകമാണു് താഴെ കുറിക്കുന്നത്:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ
മല്ലികേ; കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാൻ
കയ്യുയർത്തും ദശായാം
ഏതാനേതാൻ മദീയാനലർശരപരിതാ-
പോദയാനാശു നീതാൻ
നീതാൻ നീതാനുണർത്തീടുക ചടുലകയൽ-
ക്കണ്ണിതൻ കർണ്ണമൂലേ. (5)

കവി പിച്ചകം, മുല്ല, കൈത എന്നീ പൂക്കളോടു ചെയ്യുന്ന അഭ്യർത്ഥന രസിക രസായനമായിത്തോന്നുന്നില്ലെ?

(1 കൂന്തൽപുറ = കേശഭാരം. 2 എമ്മുളാരെ = നമ്മെ, 3 മണന്മേൽ = മണലിൽ, 4 എങ്ങൾ ചേതഃ = എൻ്റെ മനസ്സ്.
5. പിച്ചകപ്പൂവേ, നീ കരുണചെയ്താലും. മുല്ലപ്പുവേ, നീയേ ശരണം. കൈതപ്പൂവേ, നിന‌ക്കു കൂപ്പുകൈ! കൈതേരിമാക്കം, തലമുടിക്കെട്ടിലണിയുവാൻ കയ്യുയർത്തുന്ന സമയത്തു് എൻ്റെ ഈ മലർശരപരിതാപങ്ങളെ ആ കയൽക്കണ്ണിയുടെ ചെവിയിൽ പറഞ്ഞറിയിക്കുക. മൂന്നു പൂക്കളോടും പ്രത്യേകം പറയുന്നതിനാലാണ് നീതാൻ, നീതാൻ എന്നിങ്ങനെ മൂന്നു തവണ ആവർത്തിച്ചിട്ടുള്ളത്.)