ഒറ്റശ്ളോകങ്ങൾ
കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന പൂന്തോട്ടത്തു ദാമോദരൻ നമ്പൂരി ഒറ്റശ്ലോകങ്ങൾകൊണ്ടു പ്രസിദ്ധനായിട്ടുള്ള ഒരു കവിയാണു്. വിശുദ്ധമായ വിപ്രലംഭശൃംഗാരത്തെ കുറിക്കുന്ന അദ്ദേഹത്തിൻ്റെ ഒരു ശ്ലോകമാണു് അടിയിൽ ഉദ്ധരിക്കുന്നതു്:
പൂമെത്തേലെഴുനേറ്റിരുന്നു, ‘ദയിതേ,
പോകുന്നു ഞാ’നെന്നു കേ–
ട്ടോമൽക്കണ്ണിണനീരണിഞ്ഞ വദന-
പ്പൂവോടു ഗാഢം തദാ,
പൂമേനിത്തളിരൊന്നുചേ’ർത്തഹമിനി-
ക്കാണുന്നതെന്നെ’ന്നക-
പ്പൂമാലോടളിവേണി ചൊന്ന മധുര-
ച്ചൊല്ലിന്നു കൊല്ലുന്നു മാം.
മധുവിധുകാലത്തു ദേശാന്തരഗമനത്തിനു പുറപ്പെട്ട നായകൻ, അപ്രതീക്ഷിതമായ ഭാര്യാനാശത്തെ സ്മരിച്ചുകൊണ്ട് കരൾ നൊന്തു പറയുന്നതാണു പ്രസ്തുത പദ്യം. കരുണരസം കരകവിയുന്ന ഈ ഒരു ശ്ലോകം മതി, കാവ്യലോകത്തിൽ, പ്രസ്തുത കവിക്കെന്നും ജീവിക്കുവാൻ. പൂന്തോട്ടത്തിൻ്റെ പ്രസിദ്ധമായ മറെറാരു ശ്ലോകം കൂടി ഇവിടെ ഉദ്ധരിക്കാം:
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മൂടിയും
മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി
പ്രാഞ്ചിക്കിതച്ചങ്ങനെ,
നാടൻകച്ചയുടുത്തു മേനി മുഴുവൻ
ചേറും പുരണ്ടിപ്പൊഴി-
പ്പാടത്തുന്നു വരുന്ന നിൻ വരവുക-
ണ്ടേറെക്കൊതിക്കുന്നു ഞാൻ.
കവിക്കു മാത്രമല്ല, ആ കൊയ്ത്തുകാരിയുടെ വരവു കാണുന്ന ആർക്കും അവളിൽ കൗതുകം തോന്നാതിരിക്കയില്ല.
