പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

പൂന്തോട്ടത്തിൻ്റെ ‘പൂമെത്തേലെഴുനേറ്റിരുന്നു’ എന്നു തുടങ്ങുന്ന പദ്യം പോലെ ഹൃദയഹാരിയായ ഒന്നാണു് വള്ളത്തോളിൻ്റെ ‘വിലാസലതിക’യിൽ നിന്നു താഴെ ഉദ്ധരിക്കുന്ന പദ്യവും:

ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്
തന്മന്ദിരത്താഴ്വര–
ത്തൂണാലൊട്ടു മറഞ്ഞുനിന്നു നെടുതാം
വീർപ്പിട്ടുകൊണ്ടങ്ങനേ
‘കാണാം താമസിയാതെ’യെന്നൊരുവിധം
ബന്ധുക്കളോടോതിടും
പ്രാണാധീശനെയശ്രുപൂർണ്ണമിഴിയാൽ
നോക്കുന്നു മൈക്കണ്ണിയാൾ.

ഇതുപോലെ സഭ്യങ്ങളും സ്വാഗതാർഹങ്ങളുമായ ശൃംഗാരപദ്യങ്ങൾ ചിലതു് ഇനിയും ഉദ്ധരിക്കത്തക്കവയായി വേറെയുമുണ്ട്. ഗ്രന്ഥവിസ്തൃതിയെ ഭയന്നു് അതെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നു.

ശൃംഗാരശ്ലോകങ്ങൾ പോലെതന്നെ രസികത തുളുമ്പുന്ന ദേവതാ സ്തോത്രങ്ങളും രാജസ്തുതികളും ഉത്സവവർണ്ണനകളും ആത്മകഥനങ്ങളും ഉൾക്കൊള്ളുന്ന ഒറ്റശ്ലോകങ്ങൾ അനവധിയുണ്ട്.

മഹീപതേ! ഭാഗവതോപമാനം-
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാ-
മർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.