പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

ഫലിതരസം തുളുമ്പുന്ന കവിതകൾകൊണ്ട് ആസ്വാദകരെ ആഹ്ലാദിപ്പിച്ചിരുന്ന ഒരു കവിയാണ് ശീവൊള്ളി നാരായണൻനമ്പൂരി. അദ്ദേഹത്തിൻ്റെ ചില സരസശ്ലോകങ്ങൾകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

വെള്ളം, തണ്ണീർ, വൃഷം, വെണ്മഴു, വരകരിതോ-
ലാര്യവിത്താധിപൻ തൊ-
ട്ടുള്ളരീ നൽകൃഷിക്കോപ്പുകളരികിലധീ-
നത്തിലുണ്ടായിരിക്കേ,
പള്ളീപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ
കാടു വെട്ടിത്തെളിച്ചാ
വെള്ളിക്കുന്നിൽ കൃഷിചെയ്യുക; പണിവതിനും
ഭൂതവൃന്ദം സമൃദ്ധം.

ഗംഗാജലം, ഭസ്മം, കാള, വെൺമഴു ശ്രേഷ്ഠമായ ആനത്തോൽ, (കൃഷിയുടെ പക്ഷത്ത് ഒന്നാന്തരം കരിയും വളമിടാനുള്ള തോലും), ആര്യനായ വൈശ്രവണൻ (കൃഷിപക്ഷത്തിൽ ആര്യവിത്തിൻ്റെ അധിപനും) തുടങ്ങിയുള്ള കൃഷിക്കോപ്പുകളൊക്കെ സ്വാധീനത്തിലുണ്ടായിരിക്കെ പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുത്. കൈലാസത്തിൽ കാടുവെട്ടിത്തെളിച്ചു കൃഷിചെയ്ക; പണി നടത്തുവാൻ ഭൂതവൃന്ദങ്ങളായ തൊഴിലാളികളും സമൃദ്ധമായുണ്ടല്ലോ. എന്താ പോരേ? ഫലിതരസികനായ നമ്പൂരിയുടെ ഈ വ്യാജസ്തുതി ഇന്നത്തെ പുരോഗമനക്കാരെക്കൂടി പിന്നിലാക്കുന്നു. പൂന്താനത്തിൻ്റെ ഭക്തി ശീവൊള്ളിയുടെ അടുത്തെത്തുമ്പോൾ മിക്കവാറും ഹാസ്യമായിത്തീരുന്നു എന്നുതന്നെ പറയേണ്ടിവരുന്നു.