പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടിവീണോ, നിറം
മാഞ്ഞെന്തിങ്ങനെ ചുണ്ടിലെന്നു സഖിമാരോതിച്ചിരിക്കുംവിധൗ
കുഞ്ഞമ്മിഞ്ഞ കറഞ്ഞൊളിഞ്ഞു ചെറുതച്ചെഞ്ചുണ്ട് പൊത്തിപ്പരം
ഞഞ്ഞമ്മിഞ്ഞ പറഞ്ഞിളിഞ്ഞൊരചലക്കുഞ്ഞേ, കനിഞ്ഞേയ്ക്കണേ!

ഈ ഹാസരസികൻ്റെ പ്രാർത്ഥ‌ന കേട്ടാൽ, കനിയാൻ താൽപര്യമുണ്ടെങ്കിലും അചലക്കഞ്ഞും നാണിച്ചോടുകയേ ഉള്ളു. ഇനിയും ചിലതുകൂടി കേൾക്കുക:

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തൽ-
ക്കോലം പാതി പകുത്തെടുത്തൊരു കുളുർക്കുന്നിൻ്റെ കുഞ്ഞോമനെ!
കാലൻ വന്നു കയർത്തുനിന്നു കയറെൻ കാലിൽ കടന്നിട്ടിടും-
കാലത്തക്കഴുവേറിതൻ കഥ കഴിക്കേണം മിഴിക്കോണിനാൽ.

കണ്ടാലെന്താണു, കുന്നിൻമകളവളെവളാണെന്തു നമ്മോടെടുക്കും
കണ്ടോട്ടേ, കള്ളി ഞാനി, ന്നമൃതകരകലാപൻ്റെ കൂടെക്കിടക്കും:

ഉണ്ടോ ഭേദം നമുക്കെ,ന്നമരനദി ജടാമണ്ഡലത്തീന്നിറങ്ങി-
ക്കണ്ടപ്പോൾ കാളിമാതിൻ കലുഷത കലരും കണ്ണു കാമം തരട്ടെ!

കുന്നിക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചം പേറിടും
കുന്നിൻ നന്ദിനി, കുന്ദബാണനു കൊലക്കേസ്സൊന്നു പാസ്സായതിൽ
ഒന്നാം സാക്ഷിണിയായ നീ കനിവെഴുംവണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽ പെരുമാറണേ, പെരുമനത്തപ്പൻ്റെ തൃപ്പെൺകൊടി!