കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
കേശവദേവ്: പുരോഗമന സാഹിത്യകാരന്മാരുടെ പുരോഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള ഒരു സരസ കാഥികനാണു് കേശവദേവ്. സാധുക്കളും തൊഴിലാളികളുമായ സാമാന്യജനങ്ങളുടെ ജീവിതം കലയിൽ പ്രതിഫലിപ്പിച്ചു സമുദായ പുരോഗതിക്കുവേണ്ടി യത്നിക്കുന്ന കേരളീയ കഥാകൃത്തുക്കളിൽ അഗ്രിമനും അദ്ദേഹം തന്നെയാണു്. തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുന്ന പല സാഹിത്യകാരന്മാരും കേരളത്തിലുണ്ടു്. എന്നാൽ തൊഴിലാളികളോടിടപെട്ട് അവരുടെ ഹൃദയവേദനകൾ അനുഭാവപൂർവ്വം അറിഞ്ഞു് അവയ്ക്കു കലാപരമായ പരിഹാരം നിർദ്ദേശിക്കുവാൻ ദേവിനെപ്പോലെ അധികംപേർക്കും കഴിഞ്ഞിട്ടുമില്ല. സമുദായത്തിൽ ഇന്നു കാണുന്ന അസമത്വം, ദാരിദ്ര്യം, അടിമത്തം എന്നിവയെ തുരത്തുവാനാണു് അദ്ദേഹത്തിൻ്റെ എപ്പോഴുമുള്ള ശ്രമം. സാമ്പത്തികമായ ഉച്ചനീചത്വം അടിച്ചുപൊളിക്കുക, വർഗ്ഗീയമനോഭാവത്തിൻ്റെ ജാതിവ്യത്യാസത്തിൻ്റെ – നാമ്പ് മുളയിലേ നുള്ളുക, എന്നീ മാർഗ്ഗങ്ങളിൽക്കൂടിയാണു് ദേവിൻ്റ നവ്യലോക വ്യവസ്ഥിതിക്കുള്ള ഈ പരിശ്രമം മുഴവൻ നടക്കുന്നതു്. സമുദായത്തിലെ സാമ്പത്തിക ദുരവസ്ഥകളെപ്പോലെതന്നെ കുടുംബ ജീവിതത്തേയും അദ്ദേഹം ചിത്രീകരിക്കാറുണ്ടു്. ഈ വിഷയത്തിൽ തകഴിയുടേയും ദേവിൻ്റെയും ചിത്രീകരണങ്ങൾക്കുതമ്മിൽ വലിയ അന്തരം കാണാം ശ്രീ ഗുപ്തൻ നായർ ഇങ്ങനെ പ്രസ്താവിക്കുന്നു: “തകഴി സാധാരണ കുടുംബ ജീവിതം ചിത്രീകരിക്കാറില്ല. അസാധാരണ സാഹചര്യങ്ങളിൽ അകപ്പെടുന്ന സ്ത്രീപുരുഷന്മാരുടെ മനോഗതിയാണു് അദ്ദേഹം പിന്തുടരുന്നതു്. എന്നാൽ ദേവിൻ്റെ കഥകളിൽ കാണുന്ന കുടുംബ ജീവിതമോ? അതു കേവലം സാധാരണമാണു്. സാധാരണ ജീവിതങ്ങളിലെ കഥനീയമായ ഏതെങ്കിലുമൊരംശമാണു് അദ്ദേഹം എടുത്തുകാണിക്കുന്നതു്. അന്തിയോളം പണിയെടുത്തു കിട്ടുന്ന ചെറിയ കൂലികൊണ്ടു് ഉപ്പുതൊട്ടു മണ്ണെണ്ണ വരെയുള്ള വീട്ടുസാമാനങ്ങൾ വാങ്ങിച്ചു കണക്കു പറയുന്ന കൂലിവേലക്കാരേയും, അയൽക്കാരൻ്റെ കോഴിയെ മോഷ്ടിച്ചു രഹസ്യമായി കറിവെച്ചുകൂട്ടുന്ന സാധുവിനേയും ദീനംപിടിച്ച ഭർത്താവിനുവേണ്ടി സകലതും ചെലവഴിക്കുന്ന ത്യാഗസമ്പന്നയായ തൊണ്ടുതല്ലുകാരിയേയും ദേവിൻ്റെ കുടുംബങ്ങളിൽ കാണാം.”
