കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
കലാബോധത്തോടുകൂടി കഥ പറയുവാൻ ദേവിനെപ്പോലെ കഴിവുള്ളവർ നമ്മുടെ കാഥികന്മാരിൽ അധികം പേരില്ല. ഏതു തൊഴിലാളിയുടെ ജീവിതത്തിലും കലയുടെ മഞ്ജുളരൂപം അദ്ദേഹം കാണും. വായനക്കാർ അതിൽ സ്വാഭാവികമായി അലിഞ്ഞുചേരുകയും ചെയ്യും. പ്രതിപാദനരീതിയുടെ വൈഭവം അത്രമാത്രം ആകർഷകമാണു്. ഉഷസ്സ് എന്ന സമാഹാരത്തിലെ ‘അച്ഛനും ഭാര്യയും’ എന്ന കഥ നോക്കുക. പ്രസ്തുത കഥയിലെ പാറുവിൻ്റെ കോപാദി വികാരങ്ങളുടെ സ്വാഭാവികമായ പുരോഗതി, സംഭവങ്ങളുടെ ക്രമാനുഗതമായ വികാസം, അവയുടെ പരമകാഷ്ഠയിൽ കഥയുടെ പരിസമാപ്തി, എന്നിങ്ങനെ അഭിനന്ദനീയമായ ഓരോ അംശവും അതിൽ ഒത്തിണങ്ങി വായനക്കാരെ അയത്നമായി ആകർഷിച്ചുകൊണ്ടുപോകുന്നു. ഇത്തരം അനേകം നല്ല ചെറുകഥകൾ – കുടുംബജീവിതത്തിൻ്റെ ചിത്രങ്ങൾ – ഈ മനോധർമ്മ കുശലനിൽനിന്നും കൈരളിക്കു ലഭിച്ചിട്ടുണ്ടു്. പക്ഷേ, ചില കഥകളിൽക്കൂടി അദ്ദേഹം പ്രത്യക്ഷപ്പെടുത്തുന്ന സദാചാര ബോധവും സന്മാർഗ്ഗ നിഷ്ഠയും കാണുമ്പോൾ ചിലർ നെറ്റിചുളിച്ചു പോകാറുണ്ടെന്നുള്ളതും വിസ്മരിക്കത്തക്കതല്ല.
ദേവിൻ്റെ പ്രധാന കൃതികൾ: പ്രവാഹം, ഉഷസ്സ്, ജീവിതചക്രം, ദീനാമ്മ, ഭാവിവരൻ, അന്നത്തെ നാടകം, ചിത്രശാല എന്നിവയാണു്.
