ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

എസ്. കെ. പൊറ്റെക്കാട് : സഞ്ചാരികളായ കാഥികന്മാരുടെ ജീവിതാനുഭവങ്ങൾക്കു മറ്റുള്ളവരുടേതിനേക്കാൾ ഈടും പരപ്പും കൂടിയിരിക്കുമെന്നുള്ളതു നിർവ്വിവാദമാണു്. സാർവ്വദേശീയമായ ഒരു മനോഭാവം അവരിൽ വന്നുചേരുന്നതാണു് അതിനു കാരണം. പൊറ്റെക്കാട്ട് ദേശസഞ്ചാരം ചെയ്യാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള – എപ്പോഴും ദേശാടനത്തിൽത്തന്നെ കഴിഞ്ഞുകൂടുന്ന – ഒരു കാഥികനാണു്. തകഴി മനുഷ്യ ഹ‍ൃദയത്തിൻ്റെ അടിത്തട്ടിൽക്കിടക്കുന്ന ദുർവ്വാസനകളെ ഉയർത്തിക്കാണിക്കുമ്പോഴും, ദേവ് സാധുജനങ്ങളുടെ ജീവിതത്തെ ശോകാത്മകമായി – അനുകമ്പാകുലമായി ചിത്രീകരിക്കുമ്പോഴും, വായനക്കാർ കേരളത്തിനുള്ളിൽത്തന്നെ – കുട്ടനാടൻ പ്രദേശങ്ങളിലും ചേർത്തലയിലും മറ്റുമായി നിലകൊള്ളുന്നു. എന്നാൽ പൊറ്റെക്കാടാകട്ടേ കഥകളിൽക്കൂടി വായനക്കാരെ കേരളക്കരയിൽ മാത്രമല്ല, പല വിദേശ രാജ്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകയും അനേകം പുതിയപുതിയ ആളുകളും പരിസരങ്ങളുമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെയുള്ള വിശ്വവീക്ഷണം അദ്ദേഹത്തിൻ്റെ കൃതികളുടെ ഒരു പ്രത്യേകതയാണു്. പക്ഷേ, കേരളീയരായ സാമാന്യ ജനങ്ങൾക്കു് അനുഭവരസം വളർത്തുവാൻ പൊറ്റെക്കാടിൻ്റെ കഥകളേക്കാൾ തകഴിയുടേയും ദേവിൻ്റെയും കഥകൾക്കാണു ശക്തിയുള്ളതെന്നും സമ്മതിക്കാതെ തരമില്ല. കാരണം, വർണ്യവസ്തുക്കൾ കേരളീയരായ സാമാന്യജനതയുടെ പരിചയപരിധിയിൽ പെട്ടതാണെന്നുള്ളതുതന്നെ. പൊറ്റെക്കാടിൻ്റെ ‘പത്മരാഗം’ എന്ന സമാഹാരത്തിലെ ‘കൂട്ടുകാരി’ എന്ന കഥതന്നെ നോക്കുക. അതിലെ ലാഹോറും ശവകുടീരവും കഥാപാത്രങ്ങളുമെല്ലാംതന്നെ വായനക്കാരിൽനിന്ന് എത്രയോ അകന്നുനില്ക്കുന്നു. കേരളീയരായ ജനസാമാന്യത്തിനു പറയത്തക്ക യാതൊരു രസാനുഭൂതിയും അതിൽനിന്നു സിദ്ധിക്കുന്നില്ല. ഇതിൽനിന്നു അനുവാചകന്മാർക്ക് അനുഭൂതി വളർത്തുവാൻ പര്യാപ്തമായ കഥകൾ എഴുതുവാൻ അദ്ദേഹം അപ്രാപ്തനെന്നല്ല ധ്വനിപ്പിക്കുന്നതു്. പത്മരാഗത്തിലെതന്നെ ‘ആകാശത്തിലെ നിയമം’ എന്ന കഥ നോക്കുക. സാധാരണന്മാരുടെ അനുഭവത്തിനു വിധേയമായ സംഭവങ്ങളും രംഗങ്ങളും പാത്രങ്ങളുമേ അതിൽ ഉള്ളൂ. രസോത്തേജകമായി അതിലെ സംഭവങ്ങൾ അടിക്കടി പുരോഗമിച്ചുകൊണ്ടുമിരിക്കുന്നു. എന്നാൽ ഇത്തരം കഥകൾ എഴുതുവാനല്ല അദ്ദേഹം അധികം യത്നിക്കാറുള്ളതെന്നേ മേല്പറഞ്ഞതിന്നർത്ഥമുള്ളു. അദ്ദേഹത്തിൻ്റെ വീക്ഷണഗതിയും ലോകപരിചയവുമായിരിക്കാം, വായനക്കാരെ പലപ്പോഴും അപരിചിതരംഗത്തേക്കു ക്ഷണിക്കുവാൻ കാരണമാകുന്നതെന്നു തോന്നുന്നു. അങ്ങനെചെയ്യുന്നതുകൊണ്ടു് ഒരു ദോഷമേ പറവാനുള്ളു – സാഹിത്യത്തിൻ്റെ ഇന്നത്തെ ജനകീയത നഷ്ടപ്പെടുന്നു എന്നുള്ളതുമാത്രം.