കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
എന്നാൽ, ഏതു കഥയിലും മനുഷ്യ പ്രകൃതിയുടെ നിഗൂഢവശങ്ങളെ കണ്ടറിയുവാനുള്ള ഉൾക്കണ്ണ് അദ്ദേഹത്തിനുണ്ട്. മനുഷ്യചേതനയുടെ ക്രൂരങ്ങളും ദയനീയങ്ങളും പരിഹാസ്യങ്ങളുമായ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ കഥകളിൽ സാർവത്രികമായി കാണുവാൻ കഴിയും. അലങ്കാര സുന്ദരമായ അദ്ദേഹത്തിൻ്റെ വർണ്ണനകൾ വായിക്കുന്ന അനുവാചകർ ‘റൊമാൻ്റെിക്ക്’ അന്തരീക്ഷ’ത്തിൽ ചെന്നു ചേരാതിരിക്കുകയില്ല. അദ്ദേഹത്തിൻ്റെ കഥകളിൽ വർണ്ണനകൾ അധികമായിത്തീരുന്നതിനാൽ പല ചെറുകഥകളും വലിയ കഥകളായിത്തീരാറുണ്ട്. മർമ്മപ്രകാശനത്തിനുശേഷം വർണ്ണനകളെ നീട്ടിക്കൊണ്ടുപോകുന്ന പതിവും പൊറ്റെക്കാടിനു ചിലപ്പോൾ ഇല്ലെന്നില്ല. എന്നാൽ ഒരു കാര്യം സമ്മതിച്ചേ തീരൂ. ഓരോ കഥയ്ക്കും ഇണങ്ങിയ പശ്ചാത്തലം സൃഷ്ടിച്ച് ഓരോ വിധിവൈചിത്ര്യത്തെയും സ്വാഭാവികമായും സുകുമാരമായും വർണ്ണിച്ചു ഫലിപ്പിക്കുവാനുള്ള വൈദഗ്ദ്ധ്യം ഈ കാഥികനെപ്പോലെ മറ്റധികം പേർക്കും സിദ്ധിച്ചിട്ടില്ല.
പ്രധാനകൃതികൾ രാജമല്ലി, മണിമാളിക, നിശാഗന്ധി, പത്മരാഗം. വൈജയന്തി, ജലതരംഗം, പ്രേതഭൂമി, ഇന്ദ്രനീലം, മേഘമാല, പൗർണ്ണമി, ഹിമവാഹിനി, കനകാംബരം തുടങ്ങിയവയാണു്.
