ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

വർക്കിയുടെ കഥകളുടെ മറ്റൊരു ന്യൂനതയോ പ്രത്യേകതയോ ഇതാണു് — വൈരനിര്യാതനബുദ്ധി. വൈദികരെ, വിശേഷിച്ചു കത്തോലിക്ക വൈദികരെ, പിടികിട്ടിയാൽ അദ്ദേഹം വികൃതമാക്കിയേ വിടുകയുള്ളൂ അഥവാ, കുഞ്ചൻനമ്പ്യാർ ചില തുള്ളൽക്കഥകളിൽ നമ്പൂതിരിമാർ തുടങ്ങിയ ചില പ്രത്യേക സമുദായക്കാരെ മനഃപൂർവ്വം പിടിച്ചുകൊണ്ടു വന്നു ശകാരവും പരിഹാസവും കണക്കിനു നല്കാറുള്ളതുപോലെ, വർക്കിയും വൈദിക വർഗ്ഗത്തെ കഥയിൽ എവിടെയെങ്കിലും പ്രവേശിപ്പിച്ച്, ഇല്ലെങ്കിൽ മനഃപൂർവ്വം എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടുവന്നു. തൻ്റെ വിദ്വേഷവഹ്നിയിൽ ചാമ്പലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒട്ടൊക്കെ കരിച്ചെങ്കിലും വിടാതിരിക്കയില്ല. ‘പൊട്ടിയ ഇഴകൾ’ എന്ന സമാഹാരത്തിലെ ‘എറ്റിക്കേറ്റ്” എന്ന കഥ നോക്കിയാൽ മതി ഈ പരമാർത്ഥം സുവ്യക്തമാകുവാൻ. ‘നിവേദന’ത്തിലെ ‘പാളേങ്കോടൻ’ മറ്റൊരു ദൃഷ്ടാന്തം. പക കൊണ്ടായിരിക്കണമെന്നില്ല. സമുദായ ശുദ്ധിയിൽ തനിക്കുള്ള തീവ്രാഭിലാഷം കൊണ്ടുകൂടിയായിരിക്കാം വർക്കി ഇങ്ങനെ ചെയ്യുന്നതെന്നേ വിചാരിക്കാൻ വഴികാണുന്നുള്ളു. കഥയെഴുത്തിൽ വളരെയധികം കഴിവുകളുള്ള ഈ കാഥികൻ, അതിൻ്റെ മൗലികതത്ത്വമായ അടക്കവും ഒതുക്കവും ചിലതിൽ കുറച്ചുകൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകാറുണ്ട്. ശകാരത്തിലും നർമ്മബോധം വർക്കിയെ വിട്ടു പോകാറില്ല. ‘വെളിയിൽ എനിക്കു സ്ഥലമില്ല’ എന്ന സമാഹാരത്തിലെ ‘മഹാത്മാഗാന്ധി കീ ജേ’ എന്ന കഥയിൽ ഒരു ‘അടിക്കാടൻ്റെ’ ശാപ്പാട് വർണ്ണിക്കുന്നതു നോക്കുക. അനുഭവ രസികതയോടൊപ്പം ഫലിതവും പരിഹാസവും അതിൽ നൃത്തമാടുകയാണു്.

വർക്കിയുടെ പ്രധാന സമാഹാരങ്ങൾ : വികാരസദനം, അണിയറ, ആരാമം, പൂജ, ഏഴകൾ, ഹൃദയനാദം, പ്രേമവിപ്ലവം, നിവേദനം, പൊട്ടിയ ഇഴകൾ, ഡെമോക്രസി, അന്തിത്തിരി, ദാഹം, നാട്ടുവെളിച്ചം, ജയിലിൽനിന്നു, വെളിയിൽ എനിക്കു സ്ഥലമില്ല എന്നിവയത്രെ.