ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

മുഹമ്മദ് ബഷീർ: കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ മുന്നണിയിൽ നില്ക്കുന്ന ഒരാളാണു് മുഹമ്മദ്‌ബഷീർ. ചൂടുപിടിച്ച ചിന്തകളാണു അദ്ദേഹത്തിൻ്റെ തലയിൽനിന്നു പേനത്തുമ്പിൽക്കൂടി പ്രവഹിക്കാറുള്ളതു്. തണുത്തു മരവിച്ച സമുദായത്തെ ആ ചിന്തകൾ ഇളക്കിമറിക്കുകയും ചെയ്യും. അത്രത്തോളം ഉജ്ജ്വലവും നിശിതവുമാണു് അദ്ദേഹത്തിൻ്റെ പേനയുടെ മുന. ഏതു മാർ​ഗ്ഗത്തിൽക്കൂടി ചരിക്കുവാനും അദ്ദേഹത്തിനു കഴിവുണ്ടെന്നു തോന്നുന്നു. അഥവാ, യാതൊന്നിനാലും നിയന്ത്രിതമല്ല അദ്ദേഹത്തിൻ്റെ വിചാരഗതിയും വിലേഖനരീതിയും. ഒരു സാഹിത്യകാരൻ്റെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം അതു് അഭിനന്ദനീയം തന്നെ. ബഷീറിൻ്റെ കഥകളും നാടകങ്ങളുമെല്ലാം സ്വതന്ത്രങ്ങളാണു്. പ്രേമലേഖനത്തിൽ ഒരു നീണ്ട കഥയാണു് വിവരിക്കുന്നതു്. കേശവൻനായർ എന്നൊരു യുവാവു് സാറാമ്മ എന്നൊരു യുവതിയിൽ അനുരക്തനായിത്തീരുന്നതാണു് അതിലെ ഇതിവൃത്തം. കാമിനീ കാമുകന്മാരുടെ സംഭാഷണങ്ങൾ മര്യാദയെ അതിലംഘിക്കാതെ അപങ്കിലമായി നിലകൊള്ളുന്നു. ഫലിതവും വേണ്ടുവോളമുണ്ടു്. കഥയ്ക്കു ചേർന്ന പശ്ചാത്തലം ചമയ്ക്കുന്നതിലും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും, അവരെക്കൊണ്ടു സ്വാഭാവികമായി സംഭാഷണം ചെയ്യിക്കുന്നതിലും ബഷീർ അതിസമർത്ഥൻ തന്നെ. പൊറ്റെക്കാടു, ദീർഘ വർണ്ണനകൾകൊണ്ടു സാധിക്കുന്ന കാര്യം ബഷീർ ചില സൂചനകൾകൊണ്ടു നിർവ്വഹിച്ചുകൊള്ളും. മലയാള മനോരമയുടെ വജ്രജൂബിലി സ്മാരക ഗ്രന്ഥത്തിലും ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലുമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘മുച്ചീട്ടുകളിക്കാരൻ്റെ മകൾ’, ‘ആനവാരിയും പൊൻകുരിശും’ തുടങ്ങിയ തുടർക്കഥകൾ എത്രമാത്രം ഫലിതം നിറഞ്ഞവയാണെന്നു പറയുവാൻ പ്രയാസം. അവയിലെ എട്ടുകാലിമമ്മൂഞ്ഞു്, ആനവാരി രാമൻ നായർ, പൊൻകുരിശുതോമാ, മണ്ടൻമുത്തപ്പ എന്നു തുടങ്ങിയ പമ്പര വിഡ്ഡികളായ കഥാപാത്രങ്ങൾ വായനക്കാരെ കണക്കിലേറെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്നവയാണു്. ഇന്നു മാതൃഭൂമിയിലും മറ്റും ‘തുടർക്കഥ’കൾ സാധാരണമായിത്തീർന്നിട്ടുണ്ടല്ലോ. ആംഗ്ലേയ സാഹിത്യത്തെ അനുകരിച്ചായിരിക്കാമെങ്കിലും മലയാളത്തിൽ ആ പ്രസ്ഥാനത്തിൻ്റെ അവതാരകൻ ബഷീർ തന്നെയാണെന്നു തോന്നുന്നു.

ശബ്ദങ്ങൾ: ബഷീറിൻ്റെ കഥാരചന പൊതുവെ സമ്മോഹനമാണെങ്കിലും ‘ശബ്ദങ്ങ’ളിലേക്കു കടക്കുമ്പോൾ മട്ടൊന്നു മാറുന്നു. മലയാളത്തിൽ ഒട്ടുവളരെ ശബ്ദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒരു നീണ്ട ചെറുകഥയാണതു്. പട്ടാളത്തിൽനിന്നും പിരിച്ചുവിടപ്പെട്ട ജീവിതത്തിൻ്റെ പച്ചപ്പരമാർത്ഥങ്ങളിലെല്ലാം ചെന്നുമുട്ടിയ അതിലെ ‘അർദ്ധരാത്രിയിലെ സന്ദർശകൻ’ പുരോഗമനക്കാരുടെ വിജയക്കൊടിയത്രെ. പോരെങ്കിൽ സിഫിലിസ്, ഗൊണോറിയ, വ്യഭിചാരം, പഴുപ്പ്, രക്തം എന്നൊക്കെയുള്ളവ ‘റിയലിസ’ത്തിൻ്റെ സന്താനങ്ങളുമാണല്ലോ. കൊള്ളാം, എന്തിനാണു് ഈ നഗ്നസത്യങ്ങൾ ലോകത്തിൻ്റെ മുമ്പിൽ തുറന്നുവെയ്ക്കുന്നതു്? വായനക്കാർക്ക് അത്തരം ജീവിതത്തിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുവാനാണോ? എന്നാൽ ഫലം നേരെമറിച്ചാണു്. കേരളത്തിലെ ഗ്രാമീണർക്ക് അത്രയൊന്നും അറിവില്ലാത്ത ചില അസാന്മാർഗ്ഗീക നടപടികൾ മനസ്സിലാക്കുക, വായനക്കാരിൽ വൃത്തികെട്ട ഒരു തരം ‘നുളനുളുപ്പു്’ ജനിപ്പിക്കുക, എന്നിവമാത്രമേ ശബ്ദങ്ങൾകൊണ്ടു സാധിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെയാണു് അതിൻ്റെനേരെ ഇത്രയധികം എതിർപ്പുകൾ ഉണ്ടായിട്ടുള്ളതും.

ബഷീറിൻ്റെ പ്രധാനകൃതികൾ: ജന്മദിനം, വിഡ്ഢികളുടെ സ്വർഗ്ഗം. ഓർമ്മക്കുറിപ്പു്, അനർഘനിമിഷം തുടങ്ങിയവയാണു്.