കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
കാരൂർ നീലകണ്ഠപ്പിള്ള: പ്രസിദ്ധന്മാരായ കാഥികന്മാരിൽ ഒരാളാണ് കാരൂർ നീലകണ്ഠപ്പിള്ള. വസ്തുനിഷ്ഠമായ പ്രതിപാദനമാണു് അദ്ദേഹത്തിൻ്റെ കഥകളിൽ അധികവും. അത്തരം കഥകൾ സംഭവ പ്രധാനങ്ങളാകുമെന്നു പറയേണ്ടതില്ലല്ലോ. നല്ല വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ കാരൂരിൻ്റെ കൃതികളിൽ പലതിലും കാണാം. മറ്റുള്ള പുരോഗമനക്കാരെപ്പോലെ പാവപ്പെട്ടവരുടെ ജീവിതവൃത്തമാണു് കാരൂരും സ്വകൃതികളിൽ ചിത്രീകരിക്കാറുള്ളതെങ്കിലും മാർക്സിയൻ സിദ്ധാന്തങ്ങളുടെ പ്രതിദ്ധ്വനി അവയിൽ അത്രയൊന്നും മുഴങ്ങിക്കേൾക്കാറില്ല. അതു പോലെതന്നെ ലൈംഗിക മനശ്ശാസ്ത്രത്തിലും അദ്ദേഹം അത്ര സുപരിചിതനായി പ്രത്യക്ഷപ്പെടാറില്ല. വികാരത്തിൻ്റെ ഊഷ്മളതയിൽനിന്നു വിചാരത്തിൻ്റെ തണലിലേക്കു വായനക്കാരെ ആകർഷിക്കുവാൻ അദ്ദേഹത്തിനു പാടവമേറും. എന്നാൽ യാഥാർത്ഥ്യങ്ങളുടെ തനിനിറം കാരൂരിൻ്റെ കഥകളിൽ മങ്ങിപ്പോകാറുമില്ല. കവികൾ മനുഷ്യകഥാനുഗായികൾ ആണെങ്കിൽ കാരൂർ ഒന്നാംതരം ഒരു മനുഷ്യകഥാനുഗായിതന്നെ. “അരയാണം“ എന്ന കഥയിൽ (കാരൂർകഥകൾ ഒന്നാംഭാഗം) റിക്ഷാക്കാരൻ വേലു വെളിപ്പെടുത്തുന്ന മനുഷ്യത്വം എത്ര ചേതസ്സമാകർഷകമായിരിക്കുന്നു! കാരൂർകഥകൾ അന്യൂനങ്ങളല്ല. ഏകാഗ്രത അദ്ദേഹത്തിൻ്റെ കഥകളിൽ പലതിലും നഷ്ടപ്പെട്ടുകാണാറുണ്ട്. സംഭവപ്രധാനമായ കഥകളിൽ കേന്ദ്രം കല്പിച്ച വായനക്കാരുടെ ശ്രദ്ധയെ അങ്ങോട്ടാകർഷിച്ചു കൊണ്ടുപോകുന്നതിന്നിടയ്ക്ക് ആനുഷംഗിക വിഷയങ്ങളിൽ ചെന്നുചാടുന്നതിനാലാണ് ചിന്താഗതിക്ക് ഈ ശൈഥില്യം സംഭവിക്കുന്നതും, “ലഘുവും ലളിതവുമായ ഭാഷ, നിരാഡംബരവും നിഷ്പഷ്ടവുമായ പ്രതിപാദനം, സാധാരണങ്ങളും ഭാവപരങ്ങളുമായ ചില ജീവിത രംഗങ്ങൾ എന്നിവകൊണ്ട് ഏതുതരം വായനക്കാരേയും ഒട്ടും മുഷിപ്പിക്കാതെ ഏറെക്കുറെ രസിപ്പിക്കാൻ മതിയായവയാണു് മിക്കകഥകളും” എന്നു മേൽവിലാസത്തിൻ്റെ നിരൂപണത്തിൽ കുട്ടിക്കൃഷ്ണമാരാർ പ്രസ്താവിച്ചിട്ടുള്ളതു കാരൂർ കഥകളെപ്പറ്റി മൊത്തത്തിൽ പറയാവുന്ന അഭിപ്രായംതന്നെയാണു്.
പ്രധാനകൃതികൾ: കാരൂർകഥകൾ രണ്ടുഭാഗങ്ങൾ, അസ്ട്രോളജർ, മേൽവിലാസം. സ്മാരകം, തൂപ്പുകാരൻ, ഗൃഹനായിക, കൊച്ചനുജത്തി, ഒരുപിടിമണ്ണ്. മീൻകാരി, അമ്പലപ്പറമ്പിൽ, കരയിക്കുന്ന ചിരി, തേക്കുപാട്ട്, പിശാചിൻ്റെ കുപ്പായം എന്നിവയത്രെ.
