കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
നാഗവള്ളിൽ ആർ. എസ്. കുറുപ്പു്: ദലമർമ്മരം, ചുമടുതാങ്ങി, മിന്നാമിനുങ്ങുകൾ, നെടുവീർപ്പുകൾ, നാഴികമണി, കടുവാക്കേളു, പമ്പ വിളക്ക്, മനുഷ്യാ നീ മറക്കരുതു് എന്നുതുടങ്ങിയവയാണു് കുറുപ്പിൻ്റെ പ്രധാന കഥാസമാഹാരങ്ങൾ. വ്യംഗ്യഭംഗി, ഏകാഗ്രത എന്നീ ഗുണങ്ങൾ കുറുപ്പിൻ്റെ കഥകളിൽ സാമാന്യമായി കാണാവുന്നതാണു്. ഇന്നത്തെ യാന്ത്രിക ജീവിതത്തിൽപെട്ടുകഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിത വ്യതിയാനത്തിൻ്റെ ഒരു നല്ല ചിത്രമാണു് ‘നാഴിക മണി’ എന്ന കഥയിൽ നാം കാണുന്നതു്. പ്രസ്തുത സമാഹാരത്തിലെ വരണമാല എന്ന കഥയിലും കാഥികൻ്റെ കാവ്യമർമ്മജ്ഞത തെളിഞ്ഞുകാണാവുന്നതു് തന്നെ. ലൈംഗിക വിഷയങ്ങളെ ആസ്പദമാക്കി കുറുപ്പിൻ്റെ പേനയും ചിലേടത്തു ചലിക്കാതിരുന്നിട്ടില്ല. മാംസം മാത്രം, തൊഴിലെന്തു് മുതലായ കഥകൾ ഉദാഹരിക്കാം.
മുണ്ടശ്ശേരി: ഇന്നത്തെ നിരൂപകന്മാരിൽ പ്രമുഖനായ ഒരാളെന്ന നിലയിലാണ് മുണ്ടശ്ശേരിയെ സാഹിത്യകാരന്മാർ അധികവും അറിയുന്നതു്. എന്നാൽ അദ്ദേഹം സാഹിത്യത്തിൻ്റെ മറ്റു ശാഖകളിലും കൈവെയ്ക്കാതിരുന്നിട്ടില്ല. കുരിശിൽനിന്നു കൊന്തയിലേക്ക്, പ്രൊഫസർ ഇവ നോവത്സാഹിത്യത്തിനു നല്കിയിട്ടുള്ള സംഭാവനകളത്രേ. സമ്മാനം, കടാക്ഷം. ഇല്ലാപ്പോലീസ് എന്നീ ചെറുകഥാ സമാഹാരങ്ങൾ അദ്ദേഹം ചെറുകഥാപ്രസ്ഥാനത്തിലേക്കു നല്കിയിട്ടുള്ള സമ്മാനങ്ങളാണു്. സമ്മാനത്തിൽ 13-ഉം, 10-ഉം കഥകൾ അടങ്ങിയിരിക്കുന്ന. ചെക്കോവിൻ്റെ സാങ്കേതിക മാർഗ്ഗത്തെ അവലംബിച്ചാണ് മുണ്ടശ്ശേരി ചെറുകഥകൾ നിർമ്മിച്ചിട്ടുള്ളതെന്നു ഏ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. ആയുർവ്വേദ പരീക്ഷയ്ക്കു പ്രശ്നപത്രം ഉണ്ടാക്കിയപ്പോൾ അതിൽ രണ്ട് മംഗള ശ്ലോകങ്ങൾകൂടി ചേർത്തിരുന്നു. അതു പരീക്ഷാബോർഡു ചെയർമാൻ പരിത്യജിച്ചു. അക്കാരണത്താൽ യാഥാസ്ഥിതികനായ വെള്ളിമഠത്തിൽ നമ്പ്യാർ ബോർഡിൽനിന്നും രാജിവെയ്ക്കുന്നതാണു് കടാക്ഷത്തിലെ ‘മംഗളാചരണം നിഷിദ്ധം’ എന്ന രസികൻ കഥയുടെ ഉള്ളടക്കം. ഇതുപോലെ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണു് മറ്റു കഥകളും. കഥാപാത്രങ്ങൾ പലതിലും നല്ല വ്യക്തിമുദ്രകൾ തെളിഞ്ഞുകാണുന്നുണ്ടു്. “സമ്മാനത്തിലെ ഉറുമ്മീസ് ജഡ്ജിയേയും, കുഞ്ചമ്മാനേയും. അദ്ധ്യാപകൻ കൊച്ചുരാമനേയും, കടാക്ഷത്തിലെ വെള്ളിമാത്തിൽ നമ്പ്യാരേയും, ചായക്കാരൻ ഉസ്സൻകുട്ടിയേയും, ഗോവിന്ദനച്ചനേയും, കാണിങ്കാടിനേയും നമ്മുടെ ജീവിതത്തിൽ നാം കണ്ടുമുട്ടിയിരിക്കും” എന്നു ശ്രീ ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിട്ടുള്ളതു നഗ്നമായ ഒരു പരമാർത്ഥം മാത്രമാണു്.
