ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

പി. സി. കുട്ടിക്കൃഷ്ണൻ: പ്രസന്നമധുരമായ ഒരു ശൈലി കുട്ടികൃഷ്ണനു് സ്വായത്തമായിട്ടുണ്ടു്. നവോന്മേഷം എന്ന ചെറുകഥാസമാഹാരത്തിൽ അഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. കാലക്ഷേപത്തിന്നു സാമാന്യം കഴിവുള്ള ഇടത്തരക്കാരുടെ ജീവിത ചിത്രീകരണത്തിലാണു് കുട്ടികൃഷ്ണൻ്റെ തൂലിക മിക്കവാറും ചലിച്ചുകാണാറുള്ളതു്. അത്തരം കുടുംബങ്ങളിലെ ജീവിതരീതിയും, സ്ത്രീപുരുഷന്മാരുടെ വിചാരഗതികളും രസികതയോടുകൂടി ചിത്രീകരിക്കുവാൻ കാഥികൻ അതിചതുരനാണു് . ‘കുറുഞ്ഞിപ്പൂച്ച’ എന്ന കഥയാണു് നവോന്മേഷത്തിൽ ആദ്യത്തേതു്. കുട്ടിശ്ശങ്കരൻ്റ അമ്മാവൻ്റെ പുത്രിയാണ് ലക്ഷ്മി. ഈ ലക്ഷ്മിയെയാണു കുറുഞ്ഞിപ്പൂച്ചയായി കഥയിൽ സങ്കല്പിച്ചിട്ടുള്ളതു്. അമ്മായിയും മറ്റും അവളെ കുട്ടിശ്ശങ്കരൻ്റെ ഭാവിഭാര്യയായി കരുതിപ്പോന്നിരുന്നു. പക്ഷേ, ശങ്കരനു് അവളുമായി സഹവസിക്കുവാനുള്ള അവസരം ധാരാളം ലഭിച്ചുവെങ്കിലും അനുരാഗത്തിൻ്റെ ഒരു തുള്ളിപോലും അവളിലേക്കു പകരുവാൻ കഴിഞ്ഞില്ല. മാത്രവുമല്ല, അവളെ മറ്റൊരാളുടെ ഭാര്യയായിക്കാണുവാൻപോലും അയാൾ ആഗ്രഹിച്ചുമിരുന്നു. ഗത്യന്തരമില്ലാതായപ്പോൾ അവളെ വീട്ടുകാർ രാഘവനു വിവാഹം ചെയ്തുകൊടുത്തു. കുട്ടിശ്ശങ്കരൻ രാഷ്ട്രീയ കാര്യങ്ങളിലേർപ്പെട്ടു ജയിൽവാസം അനുഭവിച്ചു മടങ്ങിയെത്തിയ ഘട്ടത്തിൽ ലക്ഷ്മി ഒരു സന്താനത്തോടുകൂടി സ്വഗൃഹത്തിൽ വിരുന്നിനു വന്നിരുന്നു. ഈ ഘട്ടത്തിലാണു കുറുഞ്ഞിപ്പൂച്ചയിൽ കുട്ടിശ്ശങ്കരൻ്റെ വികാരത്തിനു വേലിയേററം സംഭവിച്ചതു്. പക്ഷേ, എന്തുചെയ്യാം! അവൾ പരിണീത, പരപരിഗ്രഹം, ഒരു കുഞ്ഞിൻ്റെ മാതാവു്. യഥാകാലം സംഭവിക്കേണ്ടിയിരുന്ന അനുരാഗത്തിൻ്റെ അഭാവത്തിൽ കുട്ടിശ്ശങ്കരൻ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളുടെ ഒരു ചിത്രീകരണമാണു ഹൃദയാവർജ്ജകമായ ഈ കഥയിൽ നിബന്ധിച്ചിട്ടുള്ളതു്. ‘നവോന്മേഷ’ത്തിലെ ഇതര കഥകളും ഇതുപോലെതന്നെ സഹൃദയ സമ്മതങ്ങളായിട്ടുള്ളവയാണു്. ഹാസ്യരീതിയിൽ കഥാരംഗങ്ങളെ ചിത്രീകരിക്കുവാൻ കാഥികനു കൂടുതൽ പാടവമുണ്ട്. മനുഷ്യത്വത്തെ മാനിക്കയും ചെയ്യും. പക്ഷേ, ഒരു ന്യൂനത പറയാവുന്നതു്, അല്ലെങ്കിൽ പറഞ്ഞുവരുന്നതു്, ലേഖനങ്ങൾക്കു കൊള്ളാവുന്ന ഒരു ഭാഷാശൈലിയാണു് കഥകളിലും അദ്ദേഹം ഉപയോഗിക്കുന്നതെന്നുള്ളതാണു്. എന്നാൽ കുട്ടിക്കൃഷ്ണൻ, ‘ഉറുബ്’ എന്ന വ്യാജനാമം സ്വീകരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടുത്തകാലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പല കഥകളും മേല്പറഞ്ഞ അഭിപ്രായത്തിനു വളരെ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രധാന കൃതികൾ: തേന്മുള്ളുകൾ, നവോന്മേഷം, തുറന്നിട്ട ജാലകം. നീലവെളിച്ചം, ഉള്ളവരും ഇല്ലാത്തവരും, നീലമല. കൂമ്പെടുക്കുന്ന മണ്ണു്, നീർച്ചാലുകൾ, കതിർക്കറ്റ, മൗലവിയും ചങ്ങാതിമാരും, ലാത്തിയും പൂക്കളും എന്നിവയാണു്.