ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

കോവൂർ: വളരെമുമ്പേതന്നെ പേരെടുത്ത ഒരു കാഥികനാണ് ഈ. എം. കോവൂർ. ഹാസ്യ കൃതികളാണ് അദ്ദേഹത്തിൻ്റെ സമാഹാരങ്ങളിൽ അധികവും ഉൾക്കൊള്ളിച്ചിട്ടുള്ളതു്. അടുത്തകാലത്തു് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ‘ഹണിപുരാണം’ പ്രത്യേകം ശ്രദ്ധേയമാകുന്നു. ഫലിതവും പരിഹാസവും നിറഞ്ഞുതുളുമ്പുന്ന എട്ടു കഥകളാണു് അതിലുള്ളത്. ഗ്രാമങ്ങളിലെ പഴയജീവിതത്തിലും, നഗരങ്ങളിലെ പുതിയ ജീവിതത്തിലുമുള്ള ചില വൈരുദ്ധ്യങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അതിൽ പ്രകാശിപ്പിച്ചിരിക്കുന്നു. അവതാരികയിൽ എൻ. വി. കൃഷ്ണവാര്യർ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം നോക്കുക:

“ശ്രീ. കോവൂർ ഹണികളെ അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ടു്. കേരളത്തിലെ ജാതിമതച്ചുരുളുകൾക്കുള്ളിൽ, ഇരുണ്ടു് ഇടുങ്ങിയ ഗ്രാമീണ ജീവിതമണ്ഡലത്തിൻ്റെ പരിധിയിൽ, അടുക്കളയിൽനിന്ന് അമ്പലത്തിലേക്കും പള്ളിയിലേക്കും തിരിച്ചും, സേവിച്ചും, ശുശ്രൂഷിച്ചും, കഷ്ടപ്പെട്ടും, മരിച്ചുപോയാൽ സ്ത്രീജന്മം സാർത്ഥകമായി എന്ന് അദ്ദേഹം തീർച്ചയായും വിശ്വസിക്കുന്നില്ല. പട്ടണത്തിലെ ഈ ഹണികളിൽ എന്തെല്ലാം പൊരുത്തക്കേടുകളും പരിഹാസ്യങ്ങളും ഉണ്ടെങ്കിലും ആ ഹണികളുടെ കൂട്ടത്തിൽ തൻ്റെ മകളെക്കൂടി കണ്ടുപോയാൽ ശ്രീ. കോവൂർ ബോധംകെട്ടു വീഴുകയൊന്നുമില്ല.”

‘പാരിതോഷികം’, പരിഹാസപരങ്ങളും ജീവിതതത്ത്വചിന്താപരങ്ങളും കലാതത്ത്വ പ്രബോധങ്ങളുമായ പന്ത്രണ്ടു ചെറുകഥകൾ ഉൾക്കൊള്ളുന്ന ഒരു സമാഹാരമാണു്. യഥാർത്ഥ സുഖം സ്ഥിതിചെയ്യുന്നതു ധന സമ്പാദനത്തിലല്ലെന്നും, ജീവിതത്തെ വൈവിധ്യത്തോടുകൂടി ആസ്വദിക്കാൻ കഴിയുന്നതിലാണെന്നും ഉള്ള ഒരു ജീവിത തത്ത്വത്തെ ഉൽബോധിപ്പിക്കുന്നതാണു് സമാഹാരത്തിൻ്റെ തലക്കെട്ടിന്നാധാരമായ പാരിതോഷികത്തിലെ പ്രമേയം. ‘പ്രേമരോഗം’ ഒരു പരിഹാസകഥയാണു്. ഒരു കലാകാരൻ്റെ വിജയം, അവൻ അണിയറയിൽ ഇരുന്നു തപസ്സുചെയ്യുന്നതിനെ — ഒരുങ്ങുന്നതിനെ — ആശ്രയിച്ചിരിക്കുമെന്നുള്ള ഉൽബോധനമാണു’ ‘അവർ വീണ്ടും കണ്ടു’ എന്ന ഒന്നാമത്തെ കഥയിലേത്. ഇങ്ങനെ നാനാമുഖമായ ചിന്തകളിലേക്കു വായനക്കാരെനയിക്കുവാൻ പ്രചോദനമരുളുന്നവയാണു് മറ്റു കഥകളും. അവക്രവും നർമ്മബോധത്താൽ മധുരിതവുമായ ഒരു ശൈലിയാണു കോവൂരിനുള്ളതു്.

പഴയ കുടത്തിൽ പുതിയ വീഞ്ഞു്, മറനീക്കൽ, കൊലച്ചോറു്, ഭാ​ഗ്യ നിമിഷങ്ങൾ, വഴിവിളക്കുകൾ, പള്ളിയുണർത്തൽ, നഖലാളനങ്ങൾ, കാറ്റുപിടിച്ച തോണി, കൂത്തമ്പലം, സല്ക്കാരം, സർക്കീട്ടുസാറാമ്മ എന്നിവയാണ് കോവൂരിൻ്റെ മറ്റു സമാഹാരങ്ങൾ. ഒടുവിലുത്തെ ആറും വിനോദപ്രാധാന്യമുള്ള കൃതികളിൽ ഉൾപ്പെടുന്നു. തികഞ്ഞ പെണ്ണു”, രണ്ടു സ്ത്രീയും ഒരു പുരുഷനും എന്നിവ കോവൂരിൻ്റെ നോവലുകളാണു്.