ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

മുട്ടത്തുവർക്കി: ഒന്നാംകിടയിൽപെട്ട നമ്മുടെ കാഥികമാരുടെ നിരയിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഒരു കഥാകൃത്താണു്’ മുട്ടത്തുവർക്കി. മറ്റു പലരേയും പോലെ ഇന്നത്തെ സാമൂഹ്യനീതിയുടെ പന്തികേടുകളെയാണു് വർക്കിയും കൈകാര്യം ചെയ്യാറുള്ളത്. എന്നാൽ, തനിക്കേറ്റവും പരിചയമുള്ള സ്വന്തം സമുദായത്തിലെ ജീവിതരംഗത്തുനിന്നും കഥാബിജം സ്വീകരിക്കുന്നതുകൊണ്ടു് വർക്കിയുടെ കഥകൾക്കു കൂടുതൽ വിഷയീഭാവം വന്നുകൂടാറുണ്ടു്. പ്രതിപാദനരീതിയുടെ വൈശിഷ്ട്യം അവയെ അധികം ആകർഷകമാക്കിത്തീർക്കുകയും ചെയ്യാറുണ്ടു്. ‘മഴക്കാറുകൾ’ എന്ന സമാഹാരത്തിൽ ഏഴു കഥകൾ അടങ്ങിയിരിക്കുന്നു. അന്തിയും മഴയും, ശിക്ഷ, വിശ്രമദിനം, ആങ്ങളയും പെങ്ങളും, ചുഴലിക്കാറ്റ്. പൊന്നുനൂൽ, അഞ്ചൽമാസ്റ്റർ ഇവയാണു് അതിലെ കഥകളുടെ ശീർഷകങ്ങൾ. പ്രസ്തുത കഥകളിൽ ‘പൊന്നുനൂൽ’ കൂടുതൽ ചിന്താസുന്ദരമായി തോന്നുന്നു. തൻ്റെ കുഞ്ഞിൻ്റെ കാലിനുള്ള മുടന്തു മാറുവാനായി പാറേപ്പള്ളിയിൽ പൊന്നുനൂലു നടയ്ക്കുവെയ്ക്കാമെന്നു കുഞ്ഞുമറിയ നേർച്ച നേർന്നിരുന്നു. വളരെ ക്ലേശിച്ച് ഏഴു രൂപയുണ്ടാക്കി നേർച്ചനടത്തുവാൻ അവൾ പുറപ്പെട്ടു. പക്ഷേ, സ്വന്തം മാതാപിതാക്കന്മാരുടെ ദുസ്സഹമായ ദാരിദ്ര്യപീഡ കണ്ടു കരളലിഞ്ഞു് ഈശ്വരപൂജയ്ക്കായി കൊണ്ടുപോയ പണം മനുഷ്യ സേവനത്തിനായി അവൾ ചെലവു ചെയ്തു. ആ സേവനത്തിൻ്റെ ഫലമായി തൻ്റെ കുട്ടിയുടെ മുടന്തു കുറഞ്ഞതായി അവൾക്കു തോന്നുകയും ചെയ്തു. ഇതാണു് ആ കഥയിലെ ഇതിവൃത്തം. ആശയമാധുര്യം കൊണ്ടു മാത്രമല്ല, പ്രതിപാദന ഭംഗികൊണ്ടും പ്രസ്തുത കഥ ആ സമാഹാരത്തിലെ നടുനായകമായി വിലസുന്നു. ഇതരകഥകളും പ്രശംസാവഹങ്ങൾ തന്നെ. വർക്കിയുടെ മറ്റു സമാഹാരങ്ങൾ, ഇരുളും വെളിച്ചവും, അടയാളങ്ങൾ, മണിയറ, കളിയോടം, കൊയ്ത്ത്, നൈലോൺ മേഘങ്ങൾ, കല്യാണരാത്രി, കറുത്ത മറുക്, പളുങ്കുപാത്രങ്ങൾ എന്നിവയാണു്.