കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
വെട്ടൂർ രാമൻനായർ: പ്രതിപാദ്യത്തെ കലാസുഭഗമായ മട്ടിൽ പ്രതിപാദിക്കുവാനുള്ള കഴിവു് രാമൻനായർക്കു സ്വതസ്സിദ്ധമായിട്ടുണ്ടു്. പുരോഗമനപരമായ ചിന്താഗതികൾ കഥകളിൽ പ്രതിബിംബിച്ചുകാണാം. ‘അന്തരംഗം’ എന്ന സമാഹാരത്തിൽ ഏഴു കഥകൾ അടങ്ങിയിരിക്കുന്നു. അതിലെ ‘അമ്മ’ ഏറ്റവും ഹൃദയസ്പർശിയായ ഒരു കഥയാണു്. ‘ആദ്യത്തെ ഭർത്താവ്’ ഇന്നത്തെ ദുർഗ്ഗന്ധം പരത്തുന്ന കഥകളിൽ ഒന്നു എന്നു മാത്രമേ പറയുവാനുള്ളു. ‘ആ രാത്രി’ യുവജനങ്ങളുടെ ഭോഗേച്ഛയെ വെളിപ്പെടുത്തുന്ന മറ്റൊന്നു. ‘ഭടൻ്റെ സ്വപ്നം’ എന്ന സമാഹാരത്തിലും ഏഴു കഥകൾ അടങ്ങിയിരിക്കുന്നു. സാമൂഹ്യമായ – വിശേഷിച്ച് ലൈംഗികമായ – അനീതികളാണു് മിക്ക കഥകളിലും പ്രതിപാദിച്ചുകാണുന്നതു്. ‘രക്തബന്ധം’, ‘ഒരു ദിവസത്തെ ഡ്യൂട്ടി’ മുതലായ കഥകൾ വായിക്കുമ്പോൾ സ്ത്രീത്വത്തിൻ്റെ പരിപാവനതയെ സഗൗരവം വീക്ഷിക്കാതെ പോകുന്നതു് എന്തുകൊണ്ടു് എന്നു ചോദിക്കുവാൻ തോന്നിപ്പോകുന്നു. രാമൻനായരുടെ കഴിവുകൾ പാമരന്മാരുടെ അഭിനന്ദനത്തിനും ആഹ്ളാദത്തിനും മാത്രമാക്കിത്തീർക്കാതെ സമുദായത്തിൻ്റെ സാക്ഷാൽ പുരോഗതിയെ ലക്ഷ്യമാക്കി ഇപ്പോൾ പ്രവർത്തിച്ചുവരുന്നതിൽ സന്തോഷിക്കേണ്ടിയിരിക്കുന്നു വെട്ടൂരിൻ്റെ കഥാസമാഹാരങ്ങളിൽ ആദ്യത്തേതു ‘താഴ്വരകളാണെന്നു തോന്നുന്നു. ക്ലേശഭൂയിഷ്ഠമായ ജീവിതവ്യാപാരങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന ഏതാനും ജീവിതങ്ങളേയും അവ അനുഭവിക്കുന്ന വേദനകളേയും വിദഗ്ദ്ധമായി ചിത്രീകരിക്കുന്നവയാണു് ‘പാറകളുടെ സംഗീത’ത്തിലെ കഥകളിൽ പലതും. ദേവദാസി, വിശപ്പും ദാഹവും, രണ്ടു ദിവസം, ഭടൻ്റെ സ്വപ്നം, ഭൂദാനം. അലിഞ്ഞുതീരുന്ന ആത്മാവ്’, അശാസ്ത്രീയമായ ഒരു സ്നേഹം എന്നിങ്ങനെ ഒട്ടുവളരെ സമാഹാരങ്ങൾ അദ്ദേഹം ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ‘ജീവിക്കുവാൻ മറന്നുപോയ സ്ത്രീ’ വെട്ടൂരിൻ്റെ പ്രസിദ്ധമായ ഒരു ചെറുനോവലാണു്. പ്രസ്തുത കൃതി ‘ജോ ജിനാ ഭൂൽഗയീ’ എന്ന പേരിൽ അഭയദേവ് ഹിന്ദിയിൽ പരിഭാഷപ്പെടുത്തിയിട്ടുമുണ്ടു്.
